ഗാസയെ വിഭജിച്ചുകൊണ്ട് ഇസ്രായേലി-അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിയുമായി യു എസ്. ഇതോടെ, പലസ്തീനികൾ ഗാസയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണ്ണമുള്ള ‘റെഡ് സോണി’ലേക്ക് പൂർണ്ണമായി ഒതുക്കപ്പെടും. യു.എസ്. സൈനിക ആസൂത്രണ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ഗാസയിൽ പലസ്തീൻ ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് അമേരിക്ക തന്ത്രപരമായി പിന്മാറുകയാണ് ഈ നീക്കത്തിലൂടെ. ഇതിനുപകരം, ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന് ഒത്താശ നൽകുന്നതാണ് പുതിയ നീക്കം. ‘ഗ്രീൻ സോണി’നും ‘റെഡ് സോണി’നും ഇടയിലുള്ള ഇടനാഴിയിൽ (‘യെല്ലോ സോൺ’) ഇസ്രായേൽ സൈന്യവും അന്താരാഷ്ട്ര സേനയും നിലയുറപ്പിക്കും.
പദ്ധതി പ്രകാരം ബോംബ് നിർവീര്യമാക്കൽ, ചികിത്സ എന്നിവയിൽ വൈദഗ്ധ്യമുള്ള 1500 ബ്രിട്ടീഷ് സൈനികർ, കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞ റോഡ് വൃത്തിയാക്കാൻ 1000 ഫ്രഞ്ച് സൈനികർ തുടങ്ങിയവർ ഗാസയിലെത്തും. ജർമനി, നെതർലൻഡ്സ്, നോർഡിക് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സൈനികർ നയിക്കുന്ന ഫീൽഡ് ആശുപത്രികളുണ്ടാകും. ചരക്കുനീക്കം, രഹസ്യാന്വേഷണം എന്നിവയും അന്താരാഷ്ട്ര സൈനികരുടെ മേൽനോട്ടത്തിലാകും. ഗാസ സമഗ്ര പുനർനിർമാണത്തെക്കുറിച്ച് യുഎസ് മൗനം പാലിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇടക്കിടെ ഇസ്രായേൽ ആക്രമണം നടത്തുന്നുമുണ്ട്.
അതേസമയം ഗാസയെ വിഭജിക്കാനുള്ള ദീർഘകാല പദ്ധതിയാണ് ഇതെന്നാണ് ‘ഗാർഡിയൻ’ വിശേഷിപ്പിക്കുന്നത്.
എന്നാൽ, വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും അമേരിക്കൻ പദ്ധതിയിൽ വിയോജിപ്പുള്ളതായാണ് വിവരം. ഇത് യുദ്ധവുമല്ല, സമാധാനവുമല്ല എന്നാണ് അവരുടെ പ്രതികരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.















