ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് ലക്ഷ്മി മഞ്ചു. തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ‘മോണ്‍സ്റ്റര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താന്‍ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറയുകയാണ് ലക്ഷ്മി മഞ്ചു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, അതായത് വെറും 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് താന്‍ ആദ്യമായി ലൈംഗികാതിക്രമം നേരിട്ടതെന്ന് ലക്ഷ്മി മഞ്ചു പറയുന്നു. പൊതുഗതാഗതസംവിധാനത്തില്‍ യാത്ര ചെയ്യമ്പോഴായിരുന്നു ദുരനുഭവം. ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
നടന്‍ മോഹന്‍ ബാബുവിന്റെ മകളെന്ന നിലയില്‍ സാധാരണയായി കാറില്‍ ഡ്രൈവറാണ് അമ്മയ്ക്കും ബോഡിഗാര്‍ഡിനുമൊപ്പം ലക്ഷ്മിയെ സ്‌കൂളില്‍ കൊണ്ടുപോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നത്. എന്നാല്‍ ഒരുദിവസം ഹോള്‍ടിക്കറ്റ് എടുക്കാനായി പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യേണ്ടി വന്നു. അപ്പോഴാണ് ഏതൊ ഒരാള്‍ തന്നെ മോശമായി സ്പര്‍ശിച്ചത് എന്ന് ലക്ഷ്മി മഞ്ചു പറഞ്ഞു.
‘ഈ അതിക്രമം… അത് എത്ര വൃത്തികെട്ട അനുഭവമായിരുന്നു. എനിക്ക് അന്ന് വെറും 15 വയസായിരുന്നു പ്രായം. ഞാനൊരു കുട്ടിയായിരുന്നുവെന്ന് അവര്‍ക്ക് അറിയാമായിരുന്നോ എന്ന് പോലും എനിക്കറിയില്ല. ദുരനുഭവമുണ്ടായപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കാതെ മാറിനില്‍ക്കുകയാണ് ചെയ്തത്. എന്റെ കൂട്ടുകാരികളോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. സമാനമായ അനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഇത് സംഭവിക്കാതിരിക്കാന്‍ അവരില്‍ നിന്ന് വ്യത്യസ്തയായ പെണ്‍കുട്ടിയായിരുന്നില്ല ഞാന്‍. ഇത് എല്ലാവര്‍ക്കും സംഭവിക്കും.’ -ലക്ഷ്മി മഞ്ചു പറഞ്ഞു.
















