മഹേഷ് ബാബുവും സംവിധായകന്‍ എസ്.എസ്. രാജമൗലിയും ഒന്നിക്കുന്ന ‘വാരാണാസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രാമോജി ഫിലിം സിറ്റിയില്‍ നടന്ന ബ്രഹ്മാണ്ഡ ചടങ്ങിൽ 50,000-ത്തോളം കാണികളെ സാക്ഷിയാക്കിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. സിനിമയിൽ രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും എത്തുന്നുണ്ട്.
ദൃശ്യവിസ്മയം എന്നാണ് ട്രെയിലറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുക. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.
ട്രെയിലറിന് ഒടുവിലായാണ് നായകനെ കാണിക്കുന്നത്. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവാണ് ട്രെയിലറിലുള്ളത്. എം.എം. കീരവാണിയുടെ മാസ്മരികമായ പശ്ചാത്തലസംഗീതം ട്രെയിലര്‍ കാണുന്ന പ്രേക്ഷകരുടെ ആവേശമേറ്റുന്നു. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാവിരുന്നാകും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല.
പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് തിരക്കഥ. ചിത്രം 2027-ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















