അടിമാലി: കല്ലാർകുട്ടി–കമ്പിളിക്കണ്ടം റോഡിൽ ഇഞ്ചപതാലിന് സമീപം രൂപപ്പെട്ട ആഴമേറിയ കുഴി യാത്രക്കാരുടെ ജീവൻ തന്നെ അപകടത്തിലാഴ്ത്തുന്ന നിലയിലാണ്. ഒരടിയിലേറെ ആഴമുള്ള കുഴിയിൽ സ്ഥിരമായി വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ അപകടത്തെ മുൻകൂട്ടി തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പതിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.
കമ്പിളിക്കണ്ടത്തിൽ നിന്ന് കല്ലാർകുട്ടിയിലേക്ക് ഇറക്കം തുടങ്ങുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ ഇടിയിറക്കം കാരണം എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുന്നസമയം ബൈക്കുകളും കാർകളും കുഴിയിൽ പതിക്കുകയാണ് പതിവ്. പ്രത്യേകിച്ച് മഴക്കാലത്ത് കുഴി മുഴുവൻ വെള്ളം നിറഞ്ഞതിനാൽ ഇത് പൂർണ്ണമായും ഒളിഞ്ഞ ‘അപകടകെണിയായി’ മാറിയിരിക്കുകയാണ്.
ഒരു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡാണിത്. എന്നാൽ നവീകരണത്തിന് പിന്നാലെ ചെറിയ ഇടവേളയ്ക്കുള്ളിൽ തന്നെ കുഴി രൂപപ്പെട്ടത് ജോലിയുടെ നിലവാരത്തെക്കുറിച്ച് നാട്ടുകാരിൽ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
നാട്ടുകാർ പലവട്ടം പിഡബ്ല്യുഡി അധികാരികളെ സമീപിച്ച് കുഴി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് പരാതി. നടപടി വൈകുന്നതുകൊണ്ട് അപകടങ്ങളുടെ എണ്ണം കൂടുകയും, വലിയ ദുരന്തത്തിനുള്ള സാധ്യതയും ഉയരുകയും ചെയ്യുന്നു.
തൽക്ഷണം കുഴി നന്നാക്കുകയും റോഡ് പരിശോധന ശക്തമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















