ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ചത് അതീവ അപകടകാരിയായ ട്രയാസിടോൺ ട്രൈ പെറോക്സൈഡ് (ടിഎടിപി) ആണെന്ന് സൂചന. ‘സാത്താന്റെ മാതാവ്’ (മദർ ഓഫ് സാത്താൻ) എന്ന പേരിൽ അറിയപ്പെടുന്ന ടിഎടിപിക്ക് സ്ഫോടനമുണ്ടാക്കാൻ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘർഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന ഐഇഡിയുടെ (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറൻസിക് വിദഗ്ധർ.
ഡൽഹി സ്ഫോടനം നടന്ന സ്ഥലത്തും കൊല്ലപ്പെട്ടവരുടെ ശരീരത്തിലും ആണി പോലെയുള്ള കൂർത്ത വസ്തുക്കൾ കണ്ടെടുക്കാൻ കഴിയാതിരുന്നതും ടിഎടിപി സ്ഫോടനത്തിലേക്കു വിരൽ ചൂണ്ടുന്നു.
നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ടിഎടിപി ‘സാത്താന്റെ മാതാവ്’ എന്നറിയപ്പെടുന്നത്. 2017ലെ ബാഴ്‌സലോണ ആക്രമണം, 2015ലെ പാരീസ് ആക്രമണം, 2017ലെ മാഞ്ചസ്റ്റർ സ്ഫോടനം, 2016ലെ ബ്രസ്സൽസ് സ്ഫോടനം എന്നിവിടങ്ങളിൽ ടിഎടിപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നവർക്ക് തീവ്രവാദ പരിശീലനം ലഭിച്ചിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
ടിഎടിപി നിർമ്മിക്കുന്നതിന് ഒന്നിലധികം ചേരുവകൾ ആവശ്യമായതിനാൽ രാസവസ്തുക്കൾ ഉമർ എങ്ങനെ ശേഖരിച്ചുവെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ഉമറിന് പുറമെ നിന്ന് പിന്തുണ ലഭിച്ചോ അതോ സ്ഫോടകവസ്തു തയ്യാറാക്കുന്നതിൽ മറ്റുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന് മുമ്പുള്ള ഉമറിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി ഡിജിറ്റൽ ട്രെയിലുകൾ, യാത്രാ രേഖകൾ, ആശയവിനിമയത്തിന്റെ വിവരങ്ങൾ എന്നിവ അവലോകനം ചെയ്യുകയാണ് ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളും.
അതേസമയം സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ആയിരിക്കാം ഉപയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ സംശയിച്ചിരുന്നത്. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന് ടിഎടിപിയുടെ സ്‌ഫോടനശേഷിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതികൾ വാടകയ്‌ക്കെടുത്ത വീടുകളിൽ നിന്ന് ഏകദേശം 3,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ബോംബ് നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികൾക്ക് ജെയ്‌ഷെ ബന്ധമുള്ളതായും അന്വേഷണ സംഘം സംശയിക്കുന്നു.
അതിനിടെ, കേസിലെ മുഖ്യപ്രതി ഡോ. ഉമർ മുഹമ്മദ് (ഉമർ നബി) നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ 20 ലക്ഷത്തോളം രൂപ സമാഹരിച്ചെന്നും സൂചനയുണ്ട്. ഏതാനും ഹവാല ഇടപാടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
















