കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു മെറിൻ ജോയ് എന്ന യുവതിയുടേത്. മെറിൻ ജോയ് എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് ? 2020 ജൂലൈ 28 നാണ് കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകളായ മെറിൻ ജോയിയെ ഭർത്താവ് ഫിലിപ് മാത്യു (നെവിൻ) അതിക്രൂരമായി കൊലപ്പെടുത്തിയത്. മെറിനും ഭർത്താവ് ഫിലിപ്പും തമ്മിൽ അകന്ന് കഴിയുന്നതിനിടയിലായിരുന്നു മെറിൻ കൊല്ലപ്പെട്ടത്.
2016 ലായിരുന്നു ചങ്ങനാശ്ശേരി സ്വദേശിയായ ഫിലിപ്പും കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. നാട്ടിൽ പ്ലസ് ടു വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫിലിപ്പ് പിന്നീട് അമേരിക്കയിൽ സെറ്റിൽഡ് ആയ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. പിന്നീട് അമേരിക്കയിൽ ജോലി ചെയ്യുന്നതിനിടയിലാണ് മെറിൻ ജോയ്യെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം പലപ്പോഴായി ഇയാൾ മെറിനെ ഉപദ്രവിച്ചിരുന്നു.
മെറിൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ വാതിൽ തുറക്കാതിരിക്കുക, സ്വന്തം വീട്ടുകാരോട് സംസാരിക്കാനോ കുഞ്ഞിനെ വീട്ടുകാരെ കാണിക്കാനോ പോലും ഫിലിപ്പ് സമ്മതിച്ചിരുന്നില്ല. ഫിലിപ്പിന്റെ ഉപദ്രവം ഓരോ ദിവസം കൂടും തോറും കൂടി കൂടി വന്നതോടെ ഇരുവരും നാട്ടിലെത്തിയ സമയം മെറിൻ വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. മെറിൻ പരാതി കൊടുത്തതറിഞ്ഞ ഭർത്താവ് ഫിലിപ്പ് ഉടൻ തന്നെ നാട് വിട്ട് അമേരിക്കയിലേക്ക് പോയി. പിന്നീട് കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ച് മെറിനും അമേരിക്കയിലേക്ക് മടങ്ങി.
ഭർത്താവുമായുള്ള പ്രേശ്നങ്ങളെ തുടർന്ന് കോറല്സ്പ്രിങ്ങിലെ ജോലി രാജിവെച്ച് താമ്പായിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചിരുന്നു. പുതിയ സ്ഥലം പുതിയ ജീവിതം സ്വപ്നം കണ്ടിരുന്ന മെറിന് വിധി കാത്തുവെച്ചത് മറ്റൊന്നൊന്നായിരുന്നു. ജൂലൈ 28 ന് ജോലി രാജി വെച്ച് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ മെറിനെ കാത്ത് ഭർത്താവ് ഫിലിപ്പ് പുറത്തുണ്ടായിരുന്നു. മെറിനെ തടഞ്ഞു നിർത്തിയ ഇയാൾ 17 തവണയാണ് ആഞ്ഞു കുത്തിയത് . ചോരയിൽ കുളിച്ചു നിലത്തുവീണ് ജീവന് വേണ്ടി യാചിക്കുമ്പോൾ അയാൾക്ക് യാതൊരു മനസ്സലിവും തോന്നിയില്ല.
“എന്നെ കൊല്ലല്ലേ എനിക്കൊരു മോളുണ്ട് അതിനെയോർത്തെങ്കിലും കൊല്ലല്ലേ” എന്ന് യാചിച്ചപ്പോൾ കാർ മെറിന്റെ ദേഹത്തുകൂടി കയറ്റി ഇറക്കി ഫിലിപ് പ്രതികാരം തീർത്തു. അവസാന നിമിഷങ്ങളിലും രണ്ടുവയസുകാരി മകൾ നോറയെക്കുറിച്ചായിരുന്നു മെറിൻ ചിന്തിച്ചത്. സംഭവസ്ഥലത്തുനിന്നും കാറിൽ രക്ഷപെട്ട ഫിലിപ്പിനെ പിന്നീട് ഹോട്ടലിൽ നിന്നും പോലീസ് പിടികൂടി , ശേഷം മൂന്നു വർഷത്തിന് ശേഷമായിരുന്നു കോടതി വിധി പറഞ്ഞത്. മെറിൻ ജോയിയെ കൊലപ്പെടുത്തിയ ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് യൂഎസ് കോടതി വിധിച്ചത് . അമേരിക്കയിലെ ജീവപര്യന്തം മരണം വരെ ആയതിനാൽ ഇനി മരണം വരെ ഫിലിപ്പിന് പുറം ലോകം കാണാൻ സാധിക്കില്ല , ശിഷ്ടകാലം ജയിൽ മുറിക്കുള്ളിൽ കഴിയേണ്ടിവരും .
















