താനൂർ: പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽഫോണിൽ ചിത്രീകരിച്ചുവെന്ന പരാതിയിൽ യുവാവ് പോലീസിന്റെ പിടിയിൽ. ആലുങ്ങൽ സ്വദേശിയായ അബ്ദുൽ കാദറിനെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ രണ്ട് കേസുകൾ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിരുന്നു.
കരിപ്പൂർ എയർപോർട്ട് പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പോലീസ് കണ്ടെത്തി പിടികൂടിയത്. തുടർന്ന് മൊബൈൽഫോൺ പരിശോധിച്ചപ്പോൾ, സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടു രഹസ്യമായി പകർത്തിയ നിരവധി വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതായി അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
താനൂർ ഡിവൈഎസ്‌പി പി. പ്രമോദിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ. ടി. ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ എൻ. ആർ. സുജിത്, സിപിഒമാരായ അനിൽകുമാർ, മുസ്തഫ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം കൂടുതൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചുവരുന്നു.
















