ഓപൺ എ.ഐ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി 5.1 പുറത്തിറക്കി. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ്, ജി.പി.ടി 5.1 തിങ്കിങ് എന്നിങ്ങനെ രണ്ട് ഇന്റലിജന്റ് മോഡുകളാണ് ഇതിന്റെ പ്രധാന സവിശേഷത. സങ്കീർണമായതും ആഴത്തിൽ വിശകലനം ആവശ്യമുള്ളതുമായ ചോദ്യങ്ങൾക്ക് ജി.പി.ടി 5.1 തിങ്കിങും എളുപ്പമുള്ള ചോദ്യങ്ങൾക്ക് ജി.പി.ടി 5.1 ഇന്‍സ്റ്റന്റും ഉപയോഗിക്കുന്നു.
നിലവിൽ ഇത് പരീക്ഷണത്തിലാണ്. ജി.പി.ടി 5.1 ഇൻസ്റ്റന്‍റ് വേഗതയേറിയതും കൂടുതൽ സ്വാഭാവികവുമായ വിവരങ്ങളുമാണ് പങ്കുവെക്കുന്നതെങ്കിൽ ജി.പി.ടി 5.1 തിങ്കിങ് സങ്കീർണമായ ചോദ്യങ്ങൾക്ക് ആഴത്തിലുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചോദ്യങ്ങളുടെ സങ്കീർണത എത്രത്തോളമാണെന്ന് ഈ രണ്ട് മോഡലുകൾക്കും അളക്കാൻ കഴിയും. ചോദ്യങ്ങളുടെ സ്വഭാവങ്ങൽക്കനുസരിച്ച് അവ മറുപടി നൽകുന്നു.
ചാറ്റ് ജി.പി.ടിയിൽ, ജി.പി.ടി 5.1ഓട്ടോ തെരഞ്ഞെടുത്താൽ നിങ്ങളുടെ പ്രോംപ്റ്റിന് അനുസരിച്ച് ജി.പി.ടി 5.1 ഇന്‍സ്റ്റന്റ്, ജി.പി.ടി 5.1 തിങ്കിങ് എന്നിവയിൽ ഏത് മോഡൽ ഉപയോഗിക്കണമെന്ന് അവ സ്വയമേവ തീരുമാനിക്കുന്നു. പ്രൊഫഷനല്‍, ഫ്രണ്ട്‌ലി, കാന്‍ഡിഡ്, ക്വിര്‍ക്കി, എഫിഷ്യന്റ്, നെര്‍ഡി, സിനിക്കല്‍ എന്നിങ്ങനെ എട്ട് പേഴ്‌സണാലിറ്റി മോഡുകളും ഇതുകൂടാതെ പുതിയ എ.ഐ മോഡലിനുണ്ടാവും.
ചാറ്റ് ജി.പി.ടിയുടെ പ്ലസ്, പ്രോ, ബിസിനസ് വരിക്കാർക്ക് ജി.പി.ടി 5.1ലഭ്യമാകും. ഓരോ അഞ്ച് മണിക്കൂറിലും പത്ത് മെസേജുകൾ എന്ന രീതിയിൽ ചാറ്റ് ജി.പി.ടി സൗജന്യ ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ കഴിയും. കഴിഞ്ഞ ആഗസ്റ്റിലാണ് ജി.പി.ടി 5 പുറത്തിറക്കിയത്. എന്നാൽ മുൻ പതിപ്പുകളെ അപേക്ഷിച്ച് ഉപയോക്താക്കളിൽ നിന്നും നിരവധി വിമർശനങ്ങളാണ് ഉയർന്നത്.
















