അരൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള അരൂർ കാർത്യായിനി ദേവീക്ഷേത്ര ഭൂമിയിലെ വൻമരങ്ങൾ അനധികൃതമായി വെട്ടിമാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അരൂർ കിഴക്കുംഭാഗം 2136-ാം നമ്പർ എൻഎസ്എസ് കരയോഗം കമ്മിറ്റി നടത്തിയ യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിന് സമീപമുള്ള, 50 സെന്റിനു മേൽ വിസ്തീർണമുള്ള ക്ഷേത്രഭൂമിയിലാണ് വെട്ടിക്കളയലും കയ്യേറ്റശ്രമങ്ങളും നടന്നതെന്ന് കരയോഗം ആരോപിക്കുന്നു.
ദേവസ്വഭൂമിയിൽ നടന്ന ഈ അനധികൃത പ്രവർത്തനങ്ങൾക്ക് പിന്നിൽ ഉത്തരവാദികളായവർക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനോട് കരയോഗം ആവശ്യപ്പെട്ടു. ഭഗവതിക്ക് അവകാശപ്പെട്ട മണ്ണിനെ പുറമ്പോക്കാക്കി മാറ്റാനുള്ള ഗൂഢനീക്കങ്ങൾ റവന്യു അധികാരികൾ ദേവസ്വം ബോർഡുമായി ചേർന്ന് നടത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും യോഗം ഉന്നയിച്ചു.
ദേവസ്വഭൂമി മതിൽകെട്ടി സംരക്ഷിക്കണമെന്ന ഹൈക്കോടതി നിർദേശം നിലവിലുണ്ടെങ്കിലും, അത് നടപ്പാക്കുന്നതിൽ ദേവസ്വം ബോർഡ് വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്നും കരയോഗം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് റവന്യു മന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഉടൻ പരാതി നൽകുമെന്ന് യോഗം തീരുമാനിച്ചു.
















