മലയാള സിനിമാലോകത്തെ തീരാനഷ്ടമാണ് അന്തരിച്ച ഇതിഹാസ താരം ജയൻ. സിനിമാപ്രേമികളുടെ മനസ്സിൽ ജയന്‍ ഒരു നോവായി മാറിയിട്ട് ഇന്നേക്ക് 45 വർഷം തികയുന്നു. 1980 നവംബർ 16-ന് ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ ഷോളാവാരത്ത് നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ ജയൻ (കൃഷ്ണൻ നായർ) ഈ ലോകത്തോട് വിട പറഞ്ഞത്.
ജയൻ കൈക്കുഞ്ഞായിരിക്കേ തന്നെ അച്ഛൻ മാധവൻ പിള്ള വീട്ടിനടുത്തുള്ള തേവള്ളി രാജകൊട്ടാരത്തിൽ കൊണ്ടുവരുമായിരുന്നു. കൊട്ടാ രത്തിന്റെ അകത്തും പുറത്തുമായി ജയൻ പിച്ചവെച്ച് വളർന്നു. ഒരു ദിവസം തിരുവിതാംകൂറിലെ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് കൊട്ടാരത്തിൽ വിശ്രമിക്കാനെത്തിയപ്പോൾ മാധവൻ പിള്ളയുടെ കൈയിൽ ഒരു വയസ്സുതികഞ്ഞിട്ടില്ലാത്ത ജയനെ കാണാനിടവ ന്നു. കുട്ടിയുടെ അസാധാരണമായ സൗന്ദര്യവും വെളുത്തുരുണ്ട ശരീരവും വശ്യതയാർന്ന പുഞ്ചിരിയും മഹാരാജാവിനെ ആകർഷിച്ചു. അദ്ദേഹം കുട്ടിയെ വാങ്ങി മാറോട് ചേർത്ത് പിടിച്ചു താലോലിച്ചു. കവിളിൽ ഉമ്മവെച്ചു. കുട്ടിയെ മാധവൻ പിള്ളയ്ക്ക് കൊടുക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “ഇവൻ രാജപരമ്പരയിൽ ജനിച്ചവനാണ്. ഇവൻ വളർന്ന് വലുതാകുമ്പോൾ ആകാരഭംഗികൊണ്ട് ജനങ്ങളെ ആകർഷിക്കും. ഇവന്റെ തലയെടുപ്പ് കണ്ടാൽ ആരും ഒന്നമ്പരക്കും. ഇവൻ പ്രസിദ്ധനാകും. മഹാരാജാവിന്റെ വാക്കുകൾ പിൽക്കാലത്ത് സത്യമായിത്തീർന്നു.
ആധുനിക കേരളത്തിന്റെ സാമൂഹ്യനവോത്ഥാനചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമലങ്കരിക്കുന്ന മഹാനായ അയ്യങ്കാളിയുടെ അനുഗഹത്തിന് പാത്രീഭൂതനാകാനും കുട്ടിക്കാലത്ത് ജയന് ഭാഗ്യം ലഭിച്ചു. അയിത്തം, ജാതിചിന്ത തുടങ്ങിയ സാമൂഹിക തിൻമകൾക്കെതിരെ അവിശാന്തം പൊരുതിയിരുന്ന അയ്യങ്കാളി 1940-ന്റെ ആരംഭത്തിൽ അനുയായികൾക്കൊപ്പം തേവള്ളി കൊട്ടാരത്തിനു സമീപമെത്തിയപ്പോൾ ആ മഹാത്മാവിനെ കാണാൻ ആളുകൾ നിറഞ്ഞു. കൈക്കുഞ്ഞായ ജയനെയുമെടുത്ത് മാധവൻപിള്ളയും അവിടേക്ക് ചെന്നു. മാധവൻപിള്ളയോട് ചോദിച്ചു: “ഈ വിഗ്രഹം കിടന്ന ക്ഷേത്രം ഏതാണ് കുട്ടിയുടെ അമ്മയെക്കുറിച്ചാണ് അയ്യങ്കാളി ചോദിച്ചതെന്ന മനസ്സിലാക്കിയ മാധവൻപിള്ള കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം ശ്രദ്ധിച്ചുകേട്ട അയ്യങ്കാളി കുട്ടിയുടെ ശിരസ്സിൽ കൈവച്ചനുഗ്രഹിച്ചിട്ട് പറഞ്ഞു. “ഈ വിഗ്രഹം ആരാധകരുടെ ആധിക്യം കൊണ്ട് തീരും. ഇവന്റെ മുതുകിലുള്ള മറുക് ഐര്യത്തിന്റെ ലക്ഷണമാണ്. ഇവന്റെ വീരകഥകൾ നാടെങ്ങും പരക്കും, അയ്യങ്കാളിയുടെ വാക്കുകളും സത്യമായി തീർന്നു. പിൽക്കാലത്ത് ജയൻ വെള്ളിത്തിരയിൽ ചമഞ്ഞാടിയ വീരകഥകൾ നാടാകെ പരന്നു. അനേകായിരങ്ങൾ ആരാധിക്കുന്ന ചലച്ചിത താരമായി ജയൻ തിളങ്ങിനിന്നു.
















