കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി കല്ലമല–ഉന്നതി റോഡരികിൽ മാസങ്ങൾക്കിപ്പുറവും വീണ്ടും മാലിന്യം കെട്ടിക്കിടക്കുന്നത് നാട്ടുകാരിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെ റോഡിലൂടെ നടക്കാനും ബുദ്ധിമുട്ടാണ്. രണ്ടാം വാർഡിന്റെയും മൂന്നാം വാർഡിന്റെയും അതിർത്തിയായ ഈ ഭാഗത്ത് മാലിന്യം ചാക്കുകളിലാക്കി തള്ളുന്നതാണ് ഇപ്പോഴും പതിവായിരിക്കുന്നത്.
മുന്പ്, ഹരിത കർമസേനയുടെ മിനി മാലിന്യ സംഭരണ കേന്ദ്രവും ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാല്‍ മാലിന്യം തള്ളലിനെയും കുഴിച്ചുമൂടലിനെയും ചുറ്റിപ്പറ്റി രണ്ട് വാർഡ് മെംബർമാർ തമ്മിൽ ഉണ്ടായ വാഗ്വാദം വലിയ വിവാദമായി. മൂന്നാം വാർഡിലെ മാലിന്യം രണ്ടാം വാർഡിലെ സ്ഥലത്ത് മൂടാൻ അനുവദിക്കില്ലെന്ന ആവശ്യം ഉയർന്നതോടെ സ്ഥിതി കടുത്തപ്പോൾ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടു. തുടർന്ന് റോഡരികിൽ കുഴിയൊരുക്കി മാലിന്യം മൂടുകയും മിനി സംഭരണകേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ പ്രശ്നം പരിഹരിച്ചതെന്ന് കരുതിയിടയിലും മാലിന്യം തള്ളുന്നത് ഇപ്പോഴും തുടരുകയാണ്. പൊറ്റശ്ശേരി സ്കൂളിലേക്കുള്ള അനേകം കുട്ടികൾ ഉൾപ്പെടെ പലരും ഈ റോഡിലൂടെ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉയരാനുള്ള ഭീഷണിയും നാട്ടുകാരെ കൂടുതൽ ആശങ്കപ്പെടുത്തുന്നു.
നിലവിലുള്ള ദുരവസ്ഥയ്ക്ക് സ്ഥിരപരിഹാരം ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















