കുമരനല്ലൂർ: കുമരനല്ലൂർ–വെള്ളാളൂർ റോഡിലെ ഓഡിറ്റോറിയം കഴിഞ്ഞുള്ള തോടിന്റെ ഇരുവശവും ഒരാൾ ഉയരത്തിൽ വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നു. കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന ഈ അവസ്ഥ, റോഡിലെ കനത്ത വളവിനെ തുടർന്ന് അപകടസാധ്യതയെ കൂടുതൽ വർധിപ്പിക്കുന്നു.
തീവ്രമായി വളർന്ന പുൽക്കാടുകൾ മൂലം വാഹനയാത്രക്കാരുടെ കാഴ്ച പരിമിതപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഇവിടെ. കാൽനട യാത്രക്കാരുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്. മറുവശത്ത് നിന്ന് വാഹനം വരുന്നത് കണ്ടാലും മാറിനിൽക്കാൻ ആവശ്യമായ സ്ഥലമില്ല.
പൊന്തക്കാടിനുള്ളിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യവും ഭീഷണിയാകുന്നുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കാൽനട സഞ്ചാരം ഏറെ അപകടകരമാണെന്ന് നാട്ടുകാർ പറയുന്നു. ആനക്കര, സ്കൈലാബ്, ചേക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും നിരന്തരം ആളുകൾ സഞ്ചരിക്കുന്ന പ്രധാന വഴിയായതിനാൽ, റോഡരികിലെ ഈ ദയനീയാവസ്ഥ അടിയന്തര പരിഹാരം ആവശ്യപ്പെടുന്നു.
പ്രദേശവാസികൾ റോഡരികിലെ പുൽക്കാടുകൾ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ ആവശ്യപ്പെടുന്നു.
















