പെരുമ്പാവൂർ: കുറിച്ചിലക്കോട് പുഞ്ചക്കുഴി പഴയപാലത്തിന്റെ അപ്രോച്ച് റോഡരികിൽ വർഷങ്ങളായി നാശനഷ്ടങ്ങൾ സഹിച്ച് കിടക്കുന്ന പൊലീസ് കസ്റ്റഡി വാഹനങ്ങൾ നീക്കം ചെയ്ത് പ്രദേശത്തെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതി തയ്യാറാകുന്നു. നവകേരള സദസ്സിൽ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ മാറ്റാൻ പിഡബ്ല്യൂഡി റോഡ്സ് വിഭാഗം പൊലീസിന് കത്ത് നൽകിയിട്ടുണ്ട്.
കുറിച്ചിലക്കോട് വായനശാല സ്പോർട്‌സ് ആൻഡ് ആർട്സ് ക്ലബ് പ്രസിഡൻറ് സി.എസ്. ശ്രീധരൻ പിള്ളയും സെക്രട്ടറി പി. നളിനാക്ഷനും ചേർന്നാണ് മേഖലയെ ടൂറിസത്തിന് അനുയോജ്യമായി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നവകേരള സദസ് മുഖേന നിവേദനം സമർപ്പിച്ചത്. ഓപ്പൺ മിനി സ്റ്റേഡിയവും വയോജന പാർക്കും ഉൾപ്പെടുത്തിയ പദ്ധതിയുടെ സ്കെച്ചും പ്ലാനും ഇതിനോടൊപ്പം കൈമാറിയിരുന്നു. കൂവപ്പടി പഞ്ചായത്ത് ഭരണ സമിതിയുടെയും വിവിധ സ്പോൺസർമാരുടെയും പിന്തുണയോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
റോഡരികിൽ നിരത്തി വെച്ചിരിക്കുന്ന പഴയ കേസുകളിലെ മണൽലോറികൾ ഇപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ദുരിതമാണ്. പെരുമ്പാവൂർ, കോടനാട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അനധികൃത മണൽകടത്തുകേസുകളിലെ 20 ലോറികൾ 21 വർഷമായി ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പാമ്പുകൾ, എലികൾ തുടങ്ങിയ ജീവികളുടെ താവളമായി മാറിയതോടെ പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളും സുരക്ഷാഭീഷണിയും ഉയർന്നിരിക്കുകയാണ്.
വാഹനങ്ങൾ നീക്കം ചെയ്ത് സ്ഥലം ശുചീകരിച്ച് കാടുവെട്ടി, പ്രദേശത്തെ ടൂറിസത്തിനുയോജ്യമാക്കുന്നതാണ് ലക്ഷ്യം.
















