തിരുവനന്തപുരം: വോട്ടർ പട്ടികയിൽ കോർപറേഷൻ മുട്ടട വാർഡ് കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പർ ആണെന്നു പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടുനമ്പറിൽ താമസിക്കുന്നത് 22 പേരെന്ന് രേഖ.
അതേസമയം, വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അവസാന അവസരത്തിന്റെ മറവിൽ പല വാർഡുകളിലും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനൽ സെക്രട്ടറിക്കു പരാതി നൽകിയത്.
ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് ഇന്നലെ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടു നമ്പറിൽ 21 പേരെ വേറെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന രേഖയാണ് പുറത്തായത്. തോപ്പിൽ വീട്, മാറയ്ക്കൽ തോപ്പിൽ വീട്, ശക്തി ഭവൻ, അനുപമ മാറയ്ക്കൽ തോപ്പ്, ശേഖരമംഗലം, ആർ.സി.നിവാസ്, അക്ഷയ, ഭാർഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേർത്തിരിക്കുന്നത്.ഒരു വീടിന് ഒരു നമ്പർ എന്ന ക്രമത്തിലാണ് കോർപറേഷൻ റവന്യു വിഭാഗം നമ്പർ അനുവദിക്കുന്നത്. ഒരു നമ്പറിൽ 22 പേരുകളിൽ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം ഉയരാൻ കാരണം.
ഇന്നലെ സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ മിക്ക വാർഡുകളിലും ക്രമക്കേട് ആരോപണം ഉയർന്നിട്ടുണ്ട്. ചില വാർഡുകളിൽനിന്ന് വോട്ടർമാരെ കൂട്ടമായി ഒഴിവാക്കിയെന്നാണ് ഒരു ആരോപണം. മുട്ടട മാതൃകയിൽ ഒരു വീട്ടുനമ്പറിൽ ഒട്ടേറെപ്പേരെ ചേർത്തെന്നും ആക്ഷേപമുണ്ട്.
















