പാട്ടവയൽ: ബത്തേരി–ഗൂഡല്ലൂർ റോഡിൽ വെള്ളിയാഴ്ച രാത്രിയിൽ പരുക്കേറ്റും അവശനിലയിലുമായി കണ്ട കാട്ടാനക്കുട്ടിയെ മുത്തങ്ങ വനമേഖലയിൽ വനംവകുപ്പ് ജീവനക്കാർ കണ്ടെത്തി. തമിഴ്‌നാട്–കേരള വനം വകുപ്പുകളുടെ സംയുക്ത തെരച്ചിൽ സംഘമാണ് അമ്മയാനയുടെ അടുത്തുവെച്ച് പരുക്കേറ്റ കുഞ്ഞാനയെ കണ്ടെത്തിയത്.
ജീവനക്കാരുടെ പ്രാഥമിക വിലയിരുത്തലനുസരിച്ച് കടുവയുടെ ആക്രമണമാണ് ആനക്കുട്ടിക്ക് പരുക്ക് പറ്റാൻ കാരണം. പിറകുവശത്തെ കാലിലാണ് പരുക്ക് ഗുരുതരമായി തോന്നുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.
ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് വിദഗ്ധർ ചേർന്നുള്ള സംഘം ഇപ്പോൾ കുഞ്ഞാനയെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ മെഡിക്കൽ ചികിത്സ നൽകേണ്ട സാഹചര്യം ഇല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവസ്ഥയിൽ മാറ്റമുണ്ടായാൽ അനിവാര്യ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് കൂട്ടിച്ചേർത്തു.
















