കോഴിക്കോട് സ്ത്രീയുടെ കണ്ണില്‍ നിന്നാണ് ജീവനുള്ള വിര കണ്ടെത്തിയത് ഏറെ വാർത്തയായിരുന്നു. 10 സെ.മീ നീളമുള്ള വിരയെ ആണ് കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ 43 കാരിയുടെ കണ്ണിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഇവരുടെ കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടിരുന്നു. കണ്ണിലെ വെള്ളപാടയുടെ അടിവശത്തുണ്ടായിരുന്ന വിരയെ ഒരു ചെറിയ ശസ്ത്രക്രിയമാര്‍ഗ്ഗത്തിലൂടെയാണ് പുറത്തെടുത്തത്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എങ്ങനെയാണ് കണ്ണിൽ വിര കയറുന്നതെന്ന് ?
ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ എങ്ങനെ തിരിച്ചറിയാം എന്നൊക്കെ. മാര്‍സ്‌ളീവ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഡോ. സരീഷ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയുകയാണ്. ഡൈലോ ഫൈലേറിയ വിഭാഗത്തിലുള്ള കീടങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് ഇത്തരം വിരകള്‍ കണ്ണില്‍ വളരുന്നത്. വളര്‍ത്തുമൃഗങ്ങളിലും കാട്ടുമൃഗങ്ങളിലുമൊക്കെയാണ് ഇത്തരം കീടങ്ങള്‍ ഉള്ളത്. ഈ മൃഗങ്ങളെ കൊതുകുകള്‍ കുത്തുമ്പോള്‍ കീടങ്ങള്‍(ഡൈലോഫെലേറിയ) കൊതുകിന്റെ രക്തത്തിലേത്ത് കയറുകയും അത് മനുഷ്യനെ കുത്തുമ്പോള്‍ മനുഷ്യന്റെ ശരീരത്തിലേക്ക് എത്തുകയും ചെയ്യുകയാണ് ഉണ്ടാകുന്നത്. ഇവ ഒരിക്കലും മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരില്ല. മനുഷ്യന്റെ ശരീരഭാഗങ്ങളില്‍ ഇവ വളരുകയും അവിടെത്തന്നെയിരുന്ന് വളര്‍ന്ന് ഒരു മുഴപോലെ കാണപ്പെടുകയും ചെയ്യും. മനുഷ്യന്റെ ശരീരത്തില്‍ വിരകള്‍ക്ക് വളരാനുള്ള അന്തരീക്ഷം ഉണ്ട്. കുടലിലും മറ്റും വിരകള്‍ വളരുന്നതുപോലെതന്നെയാണ് കണ്ണിലും വളരുന്നത്. ശരീരത്തിലെത്തിയാല്‍ പിന്നീട് അവയ്ക്ക് പുറത്ത് പോകാന്‍ കഴിയില്ല. അവിടെത്തന്നെയിരുന്ന് നശിച്ചുപോവുകയും ചെയ്യും. ജീവന് ഭീഷണിയില്ലെങ്കിലും അവസ്ഥ മോശമായാല്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
- കണ്ണ് പരിശോധിക്കുമ്പോള്‍ കണ്ണിനകത്തോ കണ്‍പോളകളിലോ നീര്‍വീക്കമോ മുഴകളോ പോലെ കാണപ്പെടാം.
- കണ്ണിന് ചുവപ്പ്
- കണ്ണിന് വേദനയുണ്ടാവുക
- മങ്ങിയ കാഴ്ച, വെളിച്ചത്തില്‍ നോക്കുമ്പോഴുള്ള ബുദ്ധിമുട്ട്
- കണ്ണുകളില്‍നിന്ന് അമിതമായി വെളളം വരിക
- ചിലപ്പോള്‍ ഈ പുഴുക്കളെ കണ്ണില്‍ കാണാന്‍ സാധിക്കും
- റെറ്റിനയിലെ പാടുകള്‍
- കണ്ണിലുണ്ടാതുന്ന തടിപ്പുകള്‍
















