2019 ഡിസംബർ 15-ന് പത്തനംതിട്ട കോട്ടങ്ങലിൽ നടന്ന ടിഞ്ചു എന്ന യുവതിയുടെ മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. വർഷങ്ങളോളം പ്രണയിച്ച ടിജിൻ എന്ന യുവാവിനൊപ്പം താമസിക്കവേയാണ് ടിഞ്ചുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിയിക്കപ്പെട്ടു.
ബാല്യകാലം മുതൽ പ്രണയത്തിലായിരുന്ന ടിഞ്ചുവും ടിജിനും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വേർപിരിയുകയും ഇരുവരും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട്, 2019 മെയ് മാസത്തിൽ ടിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് ടിജിനൊപ്പം താമസം തുടങ്ങി. വിവാഹബന്ധം വേർപെടുത്തി നിയമപരമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ശേഷമാണ് അഞ്ച് മാസങ്ങൾക്കപ്പുറം ടിഞ്ചുവിനെ ടിജിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ ശരീരത്തിൽ ജനനേന്ദ്രിയത്തിലെ ആറ് മുറിവുകൾ ഉൾപ്പെടെ 53 മുറിവുകൾ കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പോലീസ് ഇത് ആത്മഹത്യയായി തള്ളിക്കളഞ്ഞെങ്കിലും മുറിവുകളുടെ ഉറവിടം കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാരുടെയും വീട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ടിജിനെതിരേ സംശയമുയർന്നു. പ്രണയബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ നിന്നും പോലീസിൽ നിന്നും ടിജിന് കടുത്ത പീഡനമാണ് നേരിടേണ്ടി വന്നത്.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങി. ടിഞ്ചുവിനെ തൂക്കാൻ ഉപയോഗിച്ച കുരുക്കിൻ്റെ പ്രത്യേകതയാണ് വഴിത്തിരിവായത്. മരം കച്ചവടക്കാർക്ക് മാത്രം ഇടാൻ അറിയാവുന്ന ആ പ്രത്യേക കുരുക്ക്, കേസിലെ യഥാർത്ഥ പ്രതിയിലേക്ക് വെളിച്ചം വീശി. പ്രദേശത്തെ മരം കച്ചവടക്കാരനായ നസീർ എന്നയാളാണ് യഥാർത്ഥ കുറ്റവാളി എന്ന് തെളിഞ്ഞു. ടിജിനും പിതാവും വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയ നസീർ മദ്യലഹരിയിൽ ടിഞ്ചുവിനെ ആക്രമിച്ചു. പിടിവലിക്കിടെ തലയിടിച്ച് ബോധംകെട്ട് വീണ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും, മരണം ഉറപ്പിച്ച ശേഷം കെട്ടിത്തൂക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ബീജത്തിൻ്റെയും, ടിഞ്ചുവിൻ്റെ നഖത്തിൽ നിന്ന് ലഭിച്ച ഡിഎൻഎയുടെയും പരിശോധനാഫലം നസീറിൻ്റേതുമായി പൊരുത്തപ്പെട്ടു. നിരപരാധിയായ ടിജിനെ ക്രൂശിക്കുകയും ഒരു ലോക്കൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കുകയും ചെയ്ത ഈ കേസ്, തെളിയിച്ച ക്രൈംബ്രാഞ്ച് സംഘം പ്രശംസ അർഹിക്കുന്നു
Story Highlights :Kottangal murder: A case full of mysteries; Crime Branch reveals shocking truth
















