ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക സ്ഥിരീകരണവുമായി എൻഐഎ. ഡോ. ഉമർ നബി ചാവേർ തന്നെയെന്നു ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചു. ഒപ്പം സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉമറിന്റെ പ്രധാന സഹായി ആമിർ റഷീദ് അലിയാണ് പിടിയിലായത്. സ്ഫോടനത്തിനുപയോഗിച്ച ഹ്യുണ്ടെ ഐ20 കാർ ഇയാളുടെ പേരിലാണ് വാങ്ങിയത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ചു അന്വേഷണ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ജമ്മു കശ്മീലെ സോപോർ സ്വദേശിയായ ആമിർ റഷീദ് അലി ഡൽഹിയിൽ വച്ചാണ് പിടിയിലായത്. ഇയാൾക്കും മെഡിക്കൽ രംഗവുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള പശ്ചാത്തലങ്ങൾ സംബന്ധിച്ചു നിലവിൽ വ്യക്തത വന്നിട്ടില്ല. ആമിറും ഉമർ നബിയും ചേർന്നു കശ്മീരിൽ വച്ച് ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയിലാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ തീരുമാനിച്ചതെന്നും എൻഐഎ പറയുന്നു. ആമിർ ഡൽഹിയിലെത്തിയത് കാർ സംഘടിപ്പിക്കാൻ വേണ്ടിയാണ്.
സ്ഫോടനത്തിൽ രണ്ടാമന്റെ പങ്ക് എൻഐഎ നേരത്തെ തന്നെ സംശയിച്ചിരുന്നു. മാത്രമല്ല സ്ഫോടനത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എൻഐഎയ്ക്ക് വ്യക്തമായിരുന്നു. സ്ഫോടനം നടന്ന ദിവസം രാവിലെ മുതൽ ഉമർ നബി ഡൽഹിയിൽ കറങ്ങിയിരുന്നു. നഗരത്തിലെ ഒട്ടേറെ സിസിടിവികളിൽ ഇയാളുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. ഇതോടെയാണ് സ്ഫോടനം നടത്താൻ മറ്റൊരാളുടെ സഹായം കൂടി കിട്ടിയിട്ടുണ്ടെന്നു അന്വേഷണ ഏജൻസി അനുമാനിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആമിറിന്റെ പങ്കും വെളിച്ചത്തു വന്നത്.
ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ചാവേറായ ഉമര്‍ നബി.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടെ ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരും ഡോക്ടര്‍മാരുമായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.
Story Highlights : delhi-blast-nia-arrests-suicide-bombers-aide
















