ലോകത്തിലെ ഏറ്റവും വിലയേറിയ ‘ആപ്പിൾ’ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പലപ്പോഴും എ.ഐ ചിത്രങ്ങളും വിഡിയോകളും വൈറൽ ആവാറുണ്ടെങ്കിലും, ഇത്തവണ വൈറലായത് യഥാർത്ഥത്തിൽ മനുഷ്യന്റെ കൈകളാൽ നിർമ്മിച്ച ഒരു അതുല്യ കലാസൃഷ്ടിയാണ്. മുംബൈയിലെ ഒരു സ്വർണ്ണപ്പണിക്കാരനാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ സ്വർണ്ണ–വജ്ര ആപ്പിൾ നിർമിച്ചത്.
ഈ അപൂർവമായ ആപ്പിൾ പൂർണ്ണമായും സ്വർണ്ണവും വജ്രവുമുപയോഗിച്ചാണ് രൂപകൽപ്പന ചെയ്തത്. ജുവലറി വ്യാപാരിയായ രോഹിത് പിസലാണ് ഈ അതുല്യ കലാകൃതി നിർമ്മിച്ചത്. രൂപം സാധാരണ ആപ്പിളിനെപ്പോലെ തന്നെയാണെങ്കിലും, ഇത് ഭക്ഷിക്കാനാകില്ല. 18 കാരറ്റും 9 കാരറ്റുമായ സ്വർണ്ണമാണ് ഉപയോഗിച്ചിട്ടുള്ളത്. 1,936 ചെറിയ വജ്രങ്ങളാണ് ആപ്പിൾ അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
29.8 ഗ്രാം ഭാരമുള്ള ഈ ആപ്പിൾ ഒറ്റനോട്ടത്തിൽ വെളുത്ത നിറത്തിലുള്ള ഒരു യഥാർത്ഥ ആപ്പിൾ പോലെ തോന്നും. അതിന്റെ സവിശേഷതകൾ പരിഗണിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇത് തായ്ലൻഡിലെ റോയൽ പാലസിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇതിനെ കാണാൻ എത്തുകയും അതിന്റെ സൗന്ദര്യത്തിൽ വിസ്മയപ്പെടുകയും ചെയ്യുന്നു.
സാധാരണ ഒരു ആപ്പിളിന്റെ രൂപമെടുക്കുന്നുണ്ടെങ്കിലും, ഈ സ്വർണ്ണ–വജ്ര സൃഷ്ടിയുടെ പിന്നിൽ ഇന്ത്യൻ കരകൗശലത്തിന്റെ നൂറ്റാണ്ടുകളുടെ അഭിമാനവുമുണ്ട്. വിലയോ ഭംഗിയോ മാത്രമല്ല, അതിനെ വിശിഷ്ടമാക്കുന്നത് കലയുടെ ആത്മാവാണ്. അതുകൊണ്ടുതന്നെ ഈ അമൂല്യ കലാസൃഷ്ടി സ്വന്തമാക്കാൻ കോടികൾ വാഗ്ദാനം ചെയ്തിട്ടും, നിർമ്മാതാക്കൾ വിൽക്കാൻ തയ്യാറല്ല. ‘കലയുടെ യഥാർത്ഥ മൂല്യം പണത്തിൽ അളക്കാനാകില്ല’ എന്ന വാക്കുകൾ വീണ്ടും ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തുന്ന സൃഷ്ടിയാണ് ഈ ആപ്പിൾ
















