ഇത്തവണത്തെ മണ്ഡല കാലത്ത് എത്ര തിരക്കുണ്ടായാലും എല്ലാ തീർത്ഥാടകർക്കും സുഖ ദർശനം ഉറപ്പുവരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നത് ശുഭ സുചനയാണെന്നും പരാതികളില്ലാത്ത തീർത്ഥാടനകാലം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ ജയകുമാർ പറഞ്ഞു.
അതേസമയം മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രം പാത വഴിയുള്ള ഒരുക്കങ്ങൾ പുർത്തിയായതായി ഇടുക്കി ജില്ല കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. സത്രം വഴി തീർത്ഥാടകരെ നാളെ രാവിലെ 7 മണി മുതൽ സന്നിധാനത്തേക്ക് കടത്തിവിടുമെന്നും ഉച്ചവരെയാണ് തീർത്ഥാടകരെ സത്രം പാത വഴി കടത്തിവിടുക എന്നും അദ്ദേഹം വ്യക്തമാക്കി. സത്രം പാതയിൽ തീർത്ഥാടകർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇടുക്കി ജില്ലാ കളക്ടറും സംഘവും സത്രം പാദവഴിയാണ് സന്നിധാനത്തെത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നത്. ജനുവരി 20 വരെ തുടരുന്ന തീർത്ഥാടനത്തിനാണ് ഇതോടെ തുടക്കമായത്. നാളെ വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെയാണ് തീർഥാടനം തുടങ്ങുക.
Story Highlights : all-pilgrims-to-get-comfortable-at-sabarimala-says-k-jayakumar
















