കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം.
എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാർച്ച്.
അതേസമയം, അനീഷിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ഏറ്റുകുടുക്ക ലൂർദ് മാതാ കത്തോലിക്കാ പള്ളിയിലാണ് ചടങ്ങുകൾ. അനീഷിന്റെ മരണം തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തൊഴിൽ സമ്മർദം കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ എസ്ഐആർ ജോലികളും മരണവും തമ്മിൽ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഇതിനിടെ ബിഎൽഒ ജോലി ചെയ്യുന്നതിൽ അനീഷ് സിപിഎം ഭീഷണി നേരിട്ടിരുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. എന്നാൽ സിപിഎമ്മിനെതിരെ ആരോപണമുയർത്തി പുകമറ സൃഷ്ടിക്കാനാണ് നീക്കമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു.
















