പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിർക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യു.എസ്. കരട് പ്രമേയത്തിൽ യു.എൻ. രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിൻ്റെ തലേന്നാണ് നെതന്യാഹുവിൻ്റെ ഈ കടുത്ത പ്രതികരണം.
പലസ്തീൻ രാഷ്ട്രത്തോടുള്ള ഇസ്രയേലിന്റെ എതിർപ്പ് ഒരു തരിമ്പും മാറിയിട്ടില്ലെന്നും ബാഹ്യമായോ ആന്തരികമായോ സമ്മർദവും ഭീഷണിയും ഇല്ലെന്നും നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിൻ്റെ സർക്കാരിലെ തീവ്രനിലപാടുള്ള കക്ഷികൾ, പലസ്തീൻ്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് ഗുണകരമാവുമെന്നും അത് ഇസ്രയേലിന്റെ അതിർത്തിയിൽ ഹമാസ് ഭരിക്കുന്ന ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു ദീർഘകാലമായി വാദിക്കുന്നു.
എന്നാൽ, ഗാസയിലെ വെടിനിർത്തൽ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ശ്രമിക്കുമ്പോൾ, നിലപാടിൽ ഇളവ് വരുത്താൻ നെതന്യാഹു കനത്ത രാജ്യാന്തര സമ്മർദം നേരിടുന്നുണ്ട്.
















