പത്തനംതിട്ട: അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടകരോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പമ്പാനദിയിൽ സ്നാനം ചെയ്യുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുങ്ങുന്നതിനിടെ മൂക്ക് പൊത്തിക്കൊണ്ടോ നേസൽ ക്ലിപ്പ് ഉപയോഗിച്ചോ മാത്രമേ വെള്ളത്തിൽ ഇറങ്ങാവൂ എന്നതാണ് നിർദേശം.
പമ്പാനദിയിൽ ഒഴുക്ക് കൂടുതലായതിനാൽ സാധാരണയായി അമീബിക് ഇൻഫെക്ഷൻ സാധ്യത കുറവാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ജലനിരപ്പ് കുറഞ്ഞപ്പോൾ ത്രിവേണിയുടെ സമീപത്തുള്ള ചില ഭാഗങ്ങളിൽ ചെറിയ തടാകങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്കുള്ള തീർഥാടകരുടെ പ്രവേശനം തടയാൻ ആരോഗ്യവകുപ്പ് പ്രത്യേക മാർഗ്ഗനിർദേശങ്ങൾ നൽകും.
തീർഥാടകർ ക്ഷേത്രക്കുളങ്ങളിൽ കുളിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ജലത്തിലെ അണുബാധാ സാധ്യതകൾ ഒഴിവാക്കാൻ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ നടപടികൾ ശക്തമാക്കാൻ ദേവസ്വം ബോർഡിനും തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
















