കോഴിക്കോട്: ദക്ഷിണ റെയിൽവേ പരിധിയിൽ പ്രവർത്തിച്ചിരുന്ന കുപ്രസിദ്ധ കവർച്ച സംഘത്തിലെ നാലുപേർ മണിക്കൂറുകൾക്കകം പൊലീസ് വലയിലായി. കൊയിലാണ്ടി സ്വദേശികളായ ദമ്പതികളുടെ ട്രെയിൻ യാത്രയ്ക്കിടയിൽ ബാഗിൽ നിന്നും 50 ലക്ഷത്തോളം വിലവരുന്ന സ്വർണ്ണവും വജ്രാഭരണങ്ങളും മോഷ്ടിച്ച സംഘമാണ് പിടിയിലായത്.
ഹരിയാനയിലെ ഹിസാർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സാസി’ കവർച്ച സംഘം എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ രാജേഷ് (42), ദിൽബാഗ് (62), മനോജ് (36), ജിതേന്ദർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകളിൽ യാത്രക്കാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു സംഘടിത സംഘമാണെന്ന് പൊലീസ് അറിയിച്ചു.
മോഷണ വിവരം ലഭിച്ചതിനെ തുടർന്ന് ആർപിഎഫിന്റെ ഡിവിഷൻ കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദേശപ്രകാരം ദക്ഷിണ റെയിൽവേ ആർപിഎഫ് സംഘവും കോഴിക്കോട് റെയിൽവേ സബ് ഇൻസ്പെക്ടർ പി.കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് ദൃശ്യപരിശോധനയും നിരീക്ഷണവും ശക്തമാക്കി. സംശയാസ്പദങ്ങളായ നാലംഗ സംഘത്തെ ട്രെയിനിനുള്ളിൽ തന്നെയാണ് വലയിലാക്കിയത്.
പ്രതികളെ പിടികൂടിയതോടെ നടത്തിയ അന്വേഷണത്തിൽ കവർന്ന ആഭരണങ്ങളും മുഴുവൻ വീണ്ടെടുക്കാൻ പൊലീസ് കഴിഞ്ഞു. യാത്രക്കാർക്കിടയിൽ ഭീതിപരത്തിയിരുന്ന സംഘത്തെ പിടികൂടിയതോടെ പ്രദേശത്ത് ഒരു വലിയ സുരക്ഷാ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.
















