കണ്ണൂർ പാനൂരിൽ പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് പരുക്ക്. സംഭവത്തിൽ ആഹ്ലാദപ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേർക്കെതിരെയുമാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തു.
കടവത്തൂരിലാണ് കുറെ പേരുടെ ആഹ്ലാദ പ്രകടനം നടന്നത്. ഇതിനിടയിൽ പടക്കം പൊട്ടിക്കുകയും ബിജെപി പ്രവർത്തകയായ വ്യാപാരി കടവത്തൂർ സ്വദേശി ലീലക്ക് പരിക്കേൽക്കുകയും ചെയ്തു. ലീലയുടെ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്.
ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് കോടതി ശിക്ഷിച്ചത്. അദ്ധ്യാപകനായിരുന്ന ഇയാൾ ജോലി ചെയ്യുന്ന സ്കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചതിനാണ് ശിക്ഷ ലഭിച്ചത്. പത്മരാജനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
















