വളപട്ടണം: ഓൺലൈൻ വഴി വാങ്ങിയ പുതിയ ഫോൺ പകരം നേരത്തെ മറ്റൊരാൾ ഉപയോഗിച്ച ഫോൺ ലഭിച്ചതായി ഉപഭോക്താവ് പൊലീസിൽ പരാതി നൽകി. അഴീക്കോട് പനക്കട ഹൗസിലെ പി. രാധാകൃഷ്ണനാണ് ഫ്ലിപ്‌കാർട്ട് വഴി വാങ്ങിയ മൊബൈൽഫോണിനെ കുറിച്ച് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
പാഴ്‌സൽ തുറന്ന് ഫോൺ ഓൺ ചെയ്തതോടെ ഗാലറിയിൽ അന്യരുടേതായ വ്യക്തിപരമായ ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതു വഴി ഫോൺ പുതിയത് അല്ലെന്നും മറ്റൊരാൾ ഉപയോഗിച്ചതാണെന്നും വ്യക്തമായി. സംഭവം ഓൺലൈൻ സൈറ്റിനെ അറിയിച്ചതിനെ തുടർന്ന്, അവർ നിർദേശിച്ച പ്രകാരം രാധാകൃഷ്ണൻ അടുത്തുള്ള സർവീസ് സെന്ററെ സമീപിച്ചു.
ജൂൺ 12-ന് ലഭിച്ച ഫോൺ, കഴിഞ്ഞ ജൂലൈ 1 മുതലേ മറ്റൊരാൾ ഉപയോഗിച്ചിരുന്നുവെന്നു പരിശോധനയിൽ കണ്ടെത്തി. എങ്കിലും ഈ നിർണായക വിവരത്തെ മറച്ചുവച്ചു, ‘ഫോണിൽ സ്ക്രാച്ച് ഉണ്ടെന്നു’ മാത്രമുള്ള തെറ്റായ റിപ്പോർട്ടാണ് സർവീസ് സെന്റർ നൽകിയതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.
സർവീസ് സെന്ററിന്റെ ഈ തെറ്റായ റിപ്പോർട്ട് കാരണം ഫോൺ മാറ്റി നൽകാനാവില്ലെന്ന മറുപടിയാണ് ഫ്ലിപ്‌കാർട്ടിൽ നിന്ന് ലഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഉപയോഗിച്ച ഫോൺ പുതിയത് എന്ന പേരിൽ കൈമാറിയതിലും തെറ്റായ സർവീസ് റിപ്പോർട്ട് നൽകിയതിലും ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാണ് രാധാകൃഷ്ണന്റെ ആവശ്യം.
















