കേളകം താന്നിക്കുന്നിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമായ ഗീതമ്മയെ (50) സ്വന്തം മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ഗീതമ്മ.
വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ഗീതമ്മയും മകൻ ക്രിസ്റ്റിയും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം മൂർച്ഛിച്ചതോടെ ക്രിസ്റ്റി അമ്മയെ മാരകമായി ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. സംഭവസമയം ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. ക്രിസ്തീയ കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾ കൂടിയുണ്ട്. പ്രദേശത്ത് ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു ഗീതമ്മ.
ബെംഗളൂരുവിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ കടുത്ത ലഹരിമരുന്ന് ഉപയോഗത്തിന് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ലഹരിയുടെ സ്വാധീനത്തിലാണോ കൃത്യം നിർവ്വഹിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ക്രൂരകൃത്യത്തിന് ശേഷം വീട്ടിൽ തന്നെ തുടർന്ന ക്രിസ്റ്റി, പിന്നീട് ഒരു സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി. അയാളുടെ സ്കൂട്ടറിൽ കയറി കേളകം പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് കീഴടങ്ങുകയായിരുന്നു. പോലീസെത്തി ഉടൻ തന്നെ ഗീതമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം നിലവിൽ പേരാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തിൽ കേളകം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
















