പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം കരാർ ജീവനക്കാർ താമസിച്ചിരുന്ന താൽക്കാലിക ഷെഡിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2:50-ഓടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. അപകടസമയത്ത് ഷെഡിനുള്ളിൽ ആളുകൾ ഇല്ലായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെഡിനുള്ളിലുണ്ടായിരുന്ന ഫാൻ, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകൾ എന്നിവ പൂർണ്ണമായും അഗ്നിക്കിരയായി. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ പയ്യന്നൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചതോടെ തീ പടരുന്നത് നിയന്ത്രണവിധേയമാക്കി.
















