വടകര: വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റും ഇതുവരെ കോമയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും വലിയ ആശ്വാസമായി എംഎസിടി കോടതിയുടെ നിർണ്ണായക വിധി. അപകടത്തിന് ഉത്തരവാദിയായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി.
കേസിൽ ഹൈക്കോടതിയുടെയും സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലുകൾ നിർണ്ണായകമായി. അപകടത്തിൽപ്പെട്ട ദൃഷാനയുടെ കുടുംബം മാസങ്ങളായി അനുഭവിച്ചിരുന്ന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി.
ഒമ്പത് വയസ്സുകാരിയെ ഇടിച്ചിട്ട വാഹനം നിർത്താതെ രക്ഷപ്പെട്ടിരുന്നു. പിന്നീട് പത്ത് മാസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് വാഹനവും പ്രതിയെയും കണ്ടെത്തി. വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്ന പ്രതിയെ നാട്ടിലെത്തിക്കാനുള്ള പൊലീസ് നീക്കവും കേസിന് വലിയ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ, കുറ്റപത്രം സമർപ്പിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും കുടുംബത്തിന് അപകട ഇൻഷുറൻസ് തുക ലഭിച്ചിരുന്നില്ല. കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജീവൻ മടങ്ങിയെത്താൻ പോരാടുന്ന ദൃഷാനയുടെ തുടർചികിത്സയ്ക്കായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാതാപിതാക്കൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.
കോടതിയുടെ നഷ്ടപരിഹാരം ഉത്തരവ് ദൃഷാനയുടെ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.
















