കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച് എസ്.ഐ.ആർ (തീവ്ര വോട്ടർ പട്ടിക പുതുക്കൽ) ബോധവത്കരണത്തിന്റെ ഭാഗമായി മനോഹരമായ മണൽശിൽപങ്ങൾക്ക് വേദിയായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാൻഡ്‌ലൈൻസ് കേരള ക്യാമ്പയിന്റെ ഭാഗമായി എന്യുമറേഷൻ ഫോം, ഇലക്ടറൽ റോൾ, വോട്ടിംഗ് മെഷീൻ എന്നിവ മണലിൽ ശിൽപരൂപത്തിൽ സൃഷ്ടിച്ച പ്രദർശനം വൻ ശ്രദ്ധ നേടി.
വോട്ടർമാർക്ക് എസ്.ഐ.ആറിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി വീഡിയോ പ്രദർശനം, നോട്ടീസ് വിതരണം, കലാപരിപാടികൾ തുടങ്ങിയവയും ദിനം മുഴുവൻ നടന്നു.
അസിസ്റ്റന്റ് കളക്ടർ എസ്. മോഹനപ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഇലക്ടറൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ ഡോ. നിജീഷ് ആനന്ദും സാൻഡ്‌ലൈൻസ് കേരള ക്യാമ്പയിൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ അൻവറും തുടർന്ന് സംസാരിച്ചു.
ശിൽപി ഗുരുകുലം ബാബുവിന്റെ നേതൃത്വത്തിൽ സനോജ് കുറുവാളൂർ, ബിനീഷ് എടക്കര, ദിൽഷാദ് ആലിൻചുവട്, ആദർശ് ആലിൻചുവട്, ആറ്റക്കോയ കുറ്റിച്ചിറ എന്നിവരടങ്ങുന്ന സംഘം ആണ് മണൽശിൽപം ഒരുക്കിയത്.
















