ആയഞ്ചേരി: കനത്ത മഴയെ തുടർന്ന് പൈങ്ങോട്ടായി സ്കൂൾ റോഡും വാട്ടർ ടാങ്ക് റോഡും ഗുരുതരമായി തകർന്നതോടെ പ്രദേശത്തെ ഗതാഗതം കടുത്ത പ്രതിസന്ധിയിലായി. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാനായി എടുത്ത കുഴികളിൽ നിറച്ച മണ്ണും ക്വാറി വെയിസ്റ്റും കഴിഞ്ഞ ദിവസത്തെ മഴയിൽ ഒലിച്ചിറങ്ങുകയായിരുന്നു. കുഴിയെടുത്ത ഭാഗത്തിലെ മെറ്റൽ മുഴുവൻ റോഡിലേക്ക് വീണ് അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
പൈപ്പിടുന്ന പരിഷ്കരണ പ്രവൃത്തികൾ കാലതാമസം വന്നതിനെതിരെ നാട്ടുകാർ നേരത്തെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശമിപ്പിക്കാൻ കരാറുകാരൻ ക്വാറി വെയിസ്റ്റ് ഒഴിച്ച് കുഴി ഭാഗികമായി മൂടിയെങ്കിലും റോളർ ഉപയോഗിച്ച് ഉറപ്പിക്കാത്തത് ഇപ്പോഴത്തെ ദുരിതത്തിന് കാരണമായി.
പ്രദേശത്തെ പ്രധാന ഗതാഗത പാതയായ ഈ റോഡ് പൈങ്ങോട്ടായി സ്കൂൾ, ബിആർസി, കോട്ടപ്പാറ മല എന്നിവിടങ്ങളിലേക്കുള്ള ഏക ആശ്രയ വഴിയാണ്. ഇതോടെ സ്കൂൾ വിദ്യാർത്ഥികൾക്കും യാത്രക്കാരിനും വൻ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബൈക്ക് യാത്രക്കാരും സൈക്കിൾ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും തെന്നിമറിഞ്ഞ് വീഴുന്ന സാഹചര്യം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.
റോഡ് പുനർനിർമാണത്തിനും സുരക്ഷാ നടപടികൾക്കും ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം വീണ്ടും ഉയർന്നിരിക്കുന്ന സാഹചര്യമാണിപ്പോൾ.
















