വടകര: ചോറോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ സതീശനെ സാൻഡ് ബാങ്ക്‌സ് റോഡ്–വലിയവളപ്പിൽ ആക്രമിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി. പാണ്ടികശാല വളപ്പ് കൊയിലോത്ത് പുരയിലെ മുനവർ (26), ബീച്ച് റോഡ് നടുവിലക്കണ്ടിയിലെ അൽത്താഫ് (27) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും രണ്ട് ആഴ്ച മുമ്പ് പുറങ്കരയിൽ ഓട്ടം പോയി മടങ്ങിയെത്തിയ സതീശനെ ബൈക്കിൽ എത്തി ആക്രമിച്ചതെന്നാണ് പരാതി. യാത്രക്കാർ കൈകാണിച്ചതിനെ തുടർന്ന് പെട്ടെന്ന് ഓട്ടോ നിർത്തിയതിനെക്കുറിച്ചുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ സതീശന്റെ തലക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അറസ്റ്റിലായ മുനവർ, കെഎസ്ആർടിസി ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ച് ജീവനക്കാരെ മർദിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
എസ്ഐ പ്രശാന്തിന്റെയും എഎസ്ഐ സിജുകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
















