കോട്ടയ്ക്കലിൽ വീടുകയറി ആക്രമണവും വീട്ടുകാർക്കുനേരേ വധഭീഷണിയും നടത്തി ഒളിവിൽക്കഴിയുകയായിരുന്ന സംഗീതാധ്യാപകൻ പിടിയിൽ. വളാഞ്ചേരി കണ്ടംപറമ്പിൽ ശിവനെ (40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടാം തിയതിയാണ് പരാതിക്കാരന്റെ വീട്ടിൽ ശിവൻ രാത്രിയോടെ അതിക്രമിച്ചുകയറിയത്. അതിക്രമിച്ചു കയറി വീടിന്റെ ജനൽച്ചില്ലുതകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും കൂടാതെ വീട്ടുകാരെ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തു. സംഭവം നടത്തിയ ശേഷം പ്രതി ഒളിവിലായിരുന്നു.
ശിവൻ സംഗീതാധ്യാപകനാണ്. പ്രതി ആദ്യം ഓൺലൈൻ അപ്പുകളിലൂടെ പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് പതുക്കെ ഇവരുടെ ഫോൺ നമ്പർ ഒപ്പിച്ചു ചാറ്റിങ് തുടങ്ങും. അതിന് ശേഷം പതിയ അശ്ലീല ചാറ്റിങ് നടത്തുകയും അതിന് സ്ത്രീകൾ വിസമ്മതിച്ചാൽ വീട്ടുകാരെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തുകായും ചെയ്യും.
എന്നിട്ടും വഴങ്ങാതിരുന്നാൽ അവരുടെ വീടുകളിൽ കയറി അതിക്രമം നടത്തും. പ്രതിക്കെതിരെ സമാനമായ രീതിയിൽ പുനലൂരിലും കേസ് ഉണ്ട്. കൂടാതെ തിരുവനന്തപുരത്തു മോഷണകേസുമുണ്ട്. കോട്ടയ്ക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
















