ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോയെന്ന് കോടതി കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്നുള്ള ഏകോപനം പോരെന്നും ക്രമീകരണങ്ങൾ ശാസ്ത്രീയമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ആറുമാസം മുന്‍പ് ഒരുക്കങ്ങള്‍ തുടങ്ങണമായിരുന്നു. ആളുകളെ തിരുകിക്കയറ്റിയിട്ട് എന്ത് കാര്യമാണുള്ളത്? ഭക്തരെ തള്ളി മാറ്റുന്നത് തെറ്റായ സമീപനമെന്നും വിര്‍ച്വല്‍ ക്യുവിന്‍റെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അഞ്ചോ ആറോ സെക്ടറുകളായി തിരിച്ച് ആളുകളെ നിയന്ത്രിക്കണമെന്നും ഓരോ സെക്ടറിലും എത്ര പേര്‍ക്ക് നില്‍ക്കാനാവുമെന്നതില്‍ വ്യക്തത വേണമെന്നും കോടതി പറഞ്ഞു.
പൊലീസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സന്നിധാനത്ത് ഒരുസമയം എത്രപേരെ ഉള്‍ക്കൊള്ളും? തീര്‍ഥാടകരെ ശ്വാസംമുട്ടിച്ച് മരണത്തിലേക്ക് തള്ളി വിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
















