വരന്തരപ്പിള്ളി: അനധികൃത വേട്ട നടത്തിയ സംഘത്തെ പൊലീസ് നടകിയമായി പിടികൂടി. പാലക്കാട് തിരുവേഗപ്പുറം പുളിക്കൽ വീട്ടിൽ ഫിറോസ് (42), വരന്തരപ്പിള്ളി നടാംപാടം തറയിൽ വീട്ടിൽ റോയ് (52), പൗണ്ട് 73 കുളങ്ങരപറമ്പിൽ വീട്ടിൽ ഷാനു (42) എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ബൈക്കും പൊലീസ് പിടിച്ചെടുത്തു.
തിങ്കളാഴ്ച പുലർച്ചെ വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷനിലെ എസ്ഐ പി.ഡി. ധനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെ പുലിക്കണ്ണി സെൻററിൽ മൂന്ന് ചാക്കുകളുമായി ഓടിച്ചിരുന്ന ഓട്ടോറിക്ഷയെ സംശയാസ്പദമായി കണ്ടതോടെയാണ് പരിശോധന.
പരിശോധനയിൽ മൂന്ന് ചാക്കുകളിലാക്കി സൂക്ഷിച്ച മാംസം, കൂടാതെ തോക്കിൽ ഉപയോഗിക്കുന്ന ഒരു കാലി കെയ്‌സ്, 10 പെല്ലറ്റുകൾ എന്നിവയും കണ്ടെത്തി. മാംസം വന്യജീവിയുടേതാണോ എന്നറിയുന്നതിനായി പാലപ്പിള്ളി ഫോറസ്‌റ്റ് ഓഫിസിൻ്റെ സഹായം തേടിയിരുന്നു. വരന്തരപ്പിള്ളി വെറ്ററിനറി സർജൻ ഡോ. ദേവി പോസ്റ്റ‌്‌മോർട്ടം പരിശോധന നടത്തിയതിൽ വന്യജീവിയല്ലെന്നും എന്നാൽ ഈ മാംസത്തിൽ വെടിയേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.
പ്രതിയായ ഷാനുവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 4 കുപ്പി പന്നി നെയ്യ്, ഇരുമ്പുവാൾ, പെല്ലറ്റും ഒരു ലക്ഷം രൂപയുമടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. പാലക്കാട് സ്വദേശി അബു താഹിറിന്റെ നിർദേശപ്രകാരമാണ് ഫിറോസ് വേട്ടയ്ക്കെത്തിയതെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് അബുതാഹിറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു തോക്കും 40 പെല്ലറ്റുകളും പിടിച്ചെടുത്തത്. ഇയാൾക്കായുള്ള അന്വേഷണം നടക്കുന്നു.
എസ്ഐ പി.ഡി. ധനേഷ്, സിപിഒ കെ.എസ്. ജിൽജിത്ത്, ഹോംഗാർഡ് രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
















