മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സുരേഷ് ഗോപിയുടെ കുടുംബം. പരേതയായ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ‘ലക്ഷ്മി സുരേഷ് ഗോപി എം.പിസ് ഇനിഷ്യേറ്റീവ് ട്രസ്റ്റ്’ അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്.
പൂരങ്ങളെയും സാംസ്കാരിക കലകളെയും നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു. വെറുമൊരു ആഘോഷം എന്നതിലുപരി സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് അനിവാര്യമാണെന്നും, തൃശൂരിലെ സുമനസ്സുകളുടെ സംരക്ഷണം ഇത്തരം പ്രതിസന്ധികളിൽ ആ കുടുംബങ്ങൾക്ക് കൂട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
















