സാഹസികതയ്ക്ക് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ഒരു മുത്തശ്ശൻ. 15,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്ത് ചെയ്തിരിക്കുകയാണ് 80 വയസ്സുകാരൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്. പ്രായത്തിനെ കാറ്റിൽ പറത്തിയ ഈ മുത്തശ്ശൻ ഏവരെയും അത്ഭുതപ്പെടുത്തി.
View this post on Instagram
ചെറുമകൻ അങ്കിതിനൊപ്പമുള്ള സ്കൈഡൈവിങ് വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ആവേശവും എത്രത്തോളമുണ്ടെന്ന് ഈ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എയർക്രാഫ്റ്റിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു: “ഞങ്ങൾ ഹരിയാനയിൽ നിന്നുള്ളവരാണ്, ഞങ്ങൾക്ക് ഭയമില്ല!”
ഇതൊരു സാധാരണ യാത്രയായിരുന്നില്ല. ഭൂമിയിൽ നിന്ന് 15,000 അടി മുകളിലേക്ക് പറന്നുയർന്ന്, നിമിഷങ്ങൾക്കകം അദ്ദേഹം ആകാശത്തേക്ക് കുതിച്ചു ചാടി. ഈ പ്രായത്തിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ സ്കൈഡൈവിങ്ങിന് തയാറായ അദ്ദേഹത്തിന്റെ ധൈര്യത്തിന് മുന്നിൽ സോഷ്യൽ മീഡിയ ഒന്നടങ്കം കൈയടിക്കുകയാണ്.
നിങ്ങളുടെ സാഹസികതയെയും പുതിയ അനുഭവങ്ങളെ തേടാനുള്ള ആഗ്രഹത്തെയും പ്രായം കൊണ്ടോ പരിമിതികൾ കൊണ്ടോ തളർത്താൻ അനുവദിക്കരുത്. കൈലാസത്തെക്കുറിച്ച് സ്വപ്നം കാണുന്നവർക്കും ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവർക്കും, ഈ 80-കാരൻ നൽകുന്ന സന്ദേശം ലളിതമാണ്: പുതിയ യാത്രകൾ തുടങ്ങാൻ ഒരൊറ്റ നിമിഷം മതി.
നമ്മുടെ ഉള്ളിലെ യാത്രാമോഹങ്ങൾക്ക് ഒരിക്കലും വിരാമമിടേണ്ടതില്ല. അടുത്ത യാത്രയിൽ, ലൊട്ടു ലൊടുക്ക് കാരണങ്ങൾ കൊണ്ട് മാറ്റി വച്ചിരിക്കുന്ന സാഹസിക യാത്രാ പ്ലാൻ പൊടി തട്ടി എടുക്കുകയല്ലേ? ഈ ഹരിയാനക്കാരൻ മുത്തശ്ശനെപ്പോലെ (പ്രായം കൂടുന്നതിനു മുൻപേ) പറന്നുയരാൻ.
















