വടകര: കുട്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയിൽ നടന്ന ലാപ്‌ടോപ് മോഷണക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉപ്പുതറ സ്വദേശിയായ വിഷ്ണു (32) യെയാണ് വടകര പൊലീസ് കണ്ടെത്തി പിടികൂടിയത്. നാഷണൽ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി ആശുപത്രിക്കായി അനുവദിച്ച ലാപ്‌ടോപ് ആണ് ഇയാൾ മോഷ്ടിച്ചത്.
ആശുപത്രിയിലെ ഇലക്ട്രിക്കൽ ജോലികൾക്കായി താത്കാലികമായി ക്യാമ്പ് ചെയ്തിരുന്നതിനിടെ മെഡിക്കൽ ഓഫിസറുടെ മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ് അപഹരിക്കുകയായിരുന്നു പ്രതി. ലാപ്‌ടോപ് കാണാതായതോടെ ആശുപത്രി അധികൃതർ ജീവനക്കാരോട് വിശദീകരണം തേടി. വിഷ്ണുവിനോട് ചോദിച്ചപ്പോൾ സംശയം തോന്നിയ സാഹചര്യത്തിൽ ഇയാൾ ആശുപത്രി പരിസരത്ത് നിന്ന് ഒളിവിലാകുകയായിരുന്നു.
വടകര പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വിവിധ സ്ഥലങ്ങളിൽ താൽക്കാലിക ജോലികൾ ചെയ്ത് സഞ്ചരിച്ചതായും, ഒടുവിൽ പയ്യന്നൂരിൽ ഒളിവിൽ കഴിയുന്നതായി സ്ഥിരീകരിച്ചതോടെ അവിടെ നിന്ന് അറസ്റ്റ് ചെയ്തതു. മോഷ്ടിച്ച ലാപ്‌ടോപ് എറണാകുളം ഭാഗത്തുള്ള ഒരു കടയിൽ വിൽപ്പന നടത്തിയതായി പ്രതി പൊലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
വടകര എസ്.ഐ എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഗണേശൻ, സിവിൽ പൊലീസ് ഓഫിസർ സജീവൻ, സി.പി.ഒ സജീഷ് എന്നിവർ അടങ്ങിയ സംഘം പ്രതിയെ പിടികൂടി.
















