ഹിമാലയത്തിൽ രണ്ട് വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം. 8.8 തീവ്രതയിലുള്ള ഭൂകമ്പങ്ങൾക്ക് സാഹചര്യമുണ്ടെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. നാസ, കാൽടെക് ശാസ്ത്രജ്ഞരുമായി സഹകരിച്ച് അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ (ഐഎസ്ആർഒ) നേതൃത്വം നൽകിയ പഠനം ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് മാസികയിൽ പ്രസിദ്ധീകരിച്ചു.
ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം. യൂറോപ്യന്‍ ഫലകവും ഇന്‍ഡോ ഓസ്ട്രേലിയന്‍ ഫലകവും കൂടിച്ചേരുന്ന മേഖലയാണിത്. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ മേഖലയെക്കുറിച്ച് നാല് വർഷം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഹിമാലയൻ മേഖലയിൽ അടിഞ്ഞുകൂടിയ ടെക്ടോണിക് സമ്മർദം മുൻപത്തേക്കാൾ കൂടുതലാണെന്ന് പഠനം പറയുന്നു. ഉപഗ്രഹാധിഷ്ഠിത ജിയോഡെറ്റിക് ഡേറ്റയും ഗണിതമാതൃകകളും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഭൂകമ്പം ഉണ്ടാകുന്ന സമയം പ്രവചിക്കാൻ കഴിയില്ലെങ്കിലും ഹിമാലയൻ മേഖല നേരിടാൻ തയാറാകണമെന്ന സൂചനയാണ് പഠനം നൽകുന്നത്.
ഹിമാലയത്തിന്റെ ചരിത്രംഹിമാലയൻ മേഖലയിലെ ഭൂചലനങ്ങൾക്കെല്ലാം ഹിമാലയത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്. അതിന്റെ ഉയരം ഇപ്പോഴും വർഷം തോറും ഏതാണ്ട് ഒരു സെന്റിമീറ്റർ വീതം വർധിക്കുന്നുണ്ട്. യൂറേഷ്യൻ ഭൗമപാളിയിലേക്ക് ഇന്ത്യൻ ഭൗമപാളി ഇടിച്ച് കയറിക്കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം. ദശലക്ഷക്കണക്കിനു വർഷം മുൻപ് ആഫ്രിക്കയിൽനിന്നു വേർപെട്ട് സഞ്ചാരമാരംഭിച്ച ഇന്ത്യൻ ഭൗമപാളി യൂറേഷ്യൻ മേഖലയിൽ ഇടിച്ചു കയറിയാണ് ഹിമാലയം രൂപം കൊണ്ടത്. ഈ ഭൗമപാളി ഇപ്പോഴും വടക്കു ദിശയിലേക്ക് സഞ്ചരിക്കുന്നതിനാലാണ് ഹിമാലയത്തിന്റെ ഉയരം വർധിക്കുന്നതും.
ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്. 2015 ലെ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ നേപ്പാൾ ഭൂചലനത്തിനു ശേഷം ഹിമാലയൻ മേഖലയിലും പരിസരങ്ങളിലും തുടർചലനങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഹിമാലയൻ മേഖലയിൽ നിരന്തരം ഭൂചലനം ഉണ്ടാകുന്നത് ഈ ഭൗമപാളിയുടെ ചലനം കൊണ്ടു മാത്രമല്ല. ഭൂചലനങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നു മാത്രമായി ഈ ചലനത്തെ കാണാമെന്നു മാത്രം. ഭൂമിയിൽ രൂപപ്പെട്ടിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയാണ് ഹിമാലയം. അതുകൊണ്ടു തന്നെ മറ്റു പർവതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പർവതനിര ദുർബലമാണ്.
ഹിമാലയത്തിന്റെ പ്രായക്കുറവ് ഈ മേഖല ദുർബലമാണ് എന്നതിനു കൂടി തെളിവാണ്. മണ്ണ് ഉറയ്ക്കാത്ത, നിരന്തരം മണ്ണിടിച്ചിലുകൾ ഉണ്ടാകുന്ന മേഖല കൂടിയാണിത്. ഇത്തരത്തിൽ ഉറപ്പില്ലാത്ത പ്രതലവും ഹിമാലയൻ മേഖലയിലെ ഉയർന്ന ഭൂകമ്പ നിരക്കിനു കാരണമാണ്. ഹിമാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്ന നേപ്പാൾ പോലുള്ള പ്രദേശങ്ങളിൽ ഭൂകമ്പം വലിയ നാശം വിതയ്ക്കാനുള്ള കാരണവും ഈ ദുർബല പ്രകൃതി തന്നെയാണ്.
















