ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയെ കണ്ടെത്തി. ‘പറക്കുന്ന ബുൾഡോഗ്’ അഥവാ ‘വാലസ് ജയന്റ് ബീ’ എന്നാണ് ഈ തേനീച്ച അറിയപ്പെടുന്നത്. സാധാരണ തേനീച്ചകളെക്കാൾ നാലിരട്ടി വലുപ്പം ഇവയ്ക്കുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പതിറ്റാണ്ടുകളോളം ശാസ്ത്രജ്ഞർക്കും പര്യവേക്ഷകർക്കും പിടികൊടുക്കാതെ അപ്രത്യക്ഷമായിരുന്നു ഈ ഭീമന്മാർ.
ബ്രിട്ടിഷ് പ്രകൃതിശാസ്ത്രജ്ഞൻ ആൽഫ്രഡ് റസൽ വാലസ് 160ലധികം വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയ ഈ തേനീച്ചയെ വ്യത്യസ്തമാക്കുന്നത് അവയുടെ ഭീമാകാരമായ വലുപ്പമാണ്. ഈ ഇനത്തിലെ പെൺതേനീച്ചകൾക്ക് 1.5 ഇഞ്ച് (3.8 സെന്റിമീറ്റർ) വരെ നീളമുണ്ടാകും. ചിറകുകൾക്ക് 2.5 ഇഞ്ച് (6.3 സെന്റിമീറ്റർ) വരെ വിരിവുണ്ട്. വലിയ താടിയെല്ലുകളും കവചം പോലെയുള്ള കറുത്ത ശരീരവും ഇവയ്ക്കുണ്ട്. ഭയപ്പെടുത്തുന്ന മൂളലും വാലസ് ജയന്റ് ബീ പുറപ്പെടുവിക്കും.
ഇന്തൊനീഷ്യയിലെ നോർത്ത് മൊളുക്കാസ് ദ്വീപിൽ നിന്നാണ് ഇവയെ വീണ്ടും കണ്ടെത്തിയത്. ഇന്തൊനീഷ്യയിലെ, പ്രത്യേകിച്ച് നോർത്ത് മൊളുക്കാസിലെ, താഴ്ന്ന പ്രദേശങ്ങളിലുള്ള വനങ്ങളിൽ മാത്രമാണ് ഈ തേനീച്ചകൾ കാണപ്പെടുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഇനം തേനീച്ചയാണ് ഇത്. അതായത്, സാധാരണ തേനീച്ചകളെപ്പോലെ ഇവ കൂടുകൾ നിർമിച്ച് കൂട്ടമായി ജീവിക്കാറില്ല.
ഇവയുടെ കൂട് സാധാരണ തേനീച്ചക്കൂടുകൾ പോലെയല്ല. സജീവമായ ചിതൽപ്പുറ്റുകളിലാണ് പറക്കുന്ന ബുൾഡോഗ് കൂടൊരുക്കുന്നത്. തങ്ങളുടെ വലിയ താടിയെല്ലുകൾ ഉപയോഗിച്ച് മരക്കറ ചുരണ്ടിയെടുത്ത് കൂടിന്റെ ഉൾഭാഗം പൊതിഞ്ഞ്, വെള്ളം കയറാത്ത സുരക്ഷിതമായ ഒരിടം തങ്ങൾക്കും കുഞ്ഞുങ്ങൾക്കുമായി നിർമിക്കുന്നു. ഈ കൂടുനിർമാണരീതി ഇരപിടിയന്മാരിൽ നിന്നും പ്രതികൂല കാലാവസ്ഥയിൽ നിന്നും തേനീച്ചയ്ക്ക് സംരക്ഷണം നൽകുന്നു.ഐയുസിഎൻ ചുവപ്പുപട്ടിക പ്രകാരം ‘വംശനാശ ഭീഷണി നേരിടാൻ സാധ്യതയുള്ള’ വിഭാഗത്തിലാണ് വാലസ് ജയന്റ് ബീയെ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വനനശീകരണം, മരംമുറിക്കൽ, കൃഷി എന്നിവ ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നിരന്തരമായ ഭീഷണി ഉയർത്തുന്നു. നിയമവിരുദ്ധമായ വന്യജീവി കടത്തും ഒരു വലിയ ആശങ്കയാണ്.
















