യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദൊഗാനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നിൽ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ യുഎസ് റഷ്യയുമായി ചർച്ച ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സമാധാന ശ്രമങ്ങൾ സജീവമാക്കിക്കൊണ്ട് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും സമാധാനം കൈവരിക്കുന്നതിനുള്ള വഴികൾ എർദൊഗാനുമായി ചർച്ച ചെയ്യുമെന്നും കൂടിക്കാഴ്ചയ്ക്ക് മുൻപ് സെലെൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ അവശ്യമായതെല്ലാം ചെയ്യുക എന്നതാണ് യുക്രെയ്‌ൻ്റെ പ്രഥമ പരിഗണന.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഏതാനും നിർദേശങ്ങൾ യുഎസ് മുന്നോട്ടുവെച്ചതായി യുക്രെയ്‌ന് സൂചന ലഭിച്ചിട്ടുണ്ട്. യുഎസ് നേരിട്ട് റഷ്യയുമായി ഇത് ചർച്ച ചെയ്യുകയായിരുന്നെന്നും നിർദേശങ്ങൾ തയ്യാറാക്കുന്നതിൽ യുക്രെയ്‌ന് പങ്കില്ലെന്നും ഉന്നത യുക്രെയ്‌ൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഗ്രീസ്, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് സെലെൻസ്കി തുർക്കിയിലെത്തിയത്. ഇന്ന് കീവിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും സെലെൻസ്കിക്ക് പദ്ധതിയുണ്ട്.
















