വടകര: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വീടുതോറും വിവരശേഖരണത്തിൽ തിരക്കിലായിരുന്ന ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) സാങ്കേതിക തകരാറുകളിൽ പെട്ട് വലിയ പ്രതിസന്ധിയിലായി.ആപ്പ് തകരാറിലായതോടെ ഡാറ്റ അപ്ലോഡ് ചെയ്യാനാവാതെ കുഴങ്ങുകയാണ് ബിഎൽഒമാർ. ഓപ്പണാവാതെ ആപ്പ് കറങ്ങിക്കൊണ്ടിരിക്കുകയാണ്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന എന്യൂമറേഷൻ ഫോറത്തിലെ വിവരങ്ങൾ പ്രത്യേക ആപ്പ് വഴിയാണ് ബിഎൽഒമാർ അപ്ലോഡ് ചെയ്യേണ്ടത്. ഈ ജോലിയാണ് ആപ്പ്മൂലം താറുമാറായിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം മുതൽ ആപ്പ് തുറക്കാത്ത അവസ്ഥയിലാണ്. പലരുടെയും ഫോണുകളിൽ ലോഗിൻ ശ്രമിച്ചാൽ ആപ്പ് നിരന്തരം ലോഡിങ് നിലയിലേയ്ക്ക് പോകുന്നു. വീടുകളിൽ നിന്ന് ശേഖരിക്കുന്ന എന്യൂമറേഷൻ ഫോമുകളുടെ വിവരങ്ങൾ ഈ ആപ്പിലൂടെയാണ് നിർദ്ദിഷ്ട സമയത്തിനകം നൽകേണ്ടത്. എന്നാല്‍ രാത്രി പതിനൊന്ന് വരെ ശ്രമിച്ചിട്ടും ഒരു ഫോമും അപ്ലോഡ് ചെയ്യാൻ സാധിച്ചില്ലെന്ന് ബിഎൽഒമാർ പറയുന്നു.
ഒരു ബിഎൽഒയുടെ കീഴിൽ ആയിരത്തിലധികം വോട്ടർമാരാണ് വരുന്നത്. ഡിസംബർ 4നകം ഇവരുടെയെല്ലാം വിവരങ്ങളും സൂക്ഷ്മപരിശോധിച്ച് ആപ്പിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. സമയപരിധിയും ജോലിഭാരവും കണക്കിലെടുക്കുമ്പോൾ ഇത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
തകരാറിനെ കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും വ്യക്തമായ നിർദേശം ഒന്നും ലഭിച്ചില്ല. “നാളെ നടക്കുന്ന യോഗത്തിൽ പറയാം” എന്നായിരുന്നു ഏക മറുപടി. ഇതോടെ ബിഎൽഒമാർ കൂടുതൽ ആശങ്കയിലായി.
















