ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് കൊണ്ടുവന്ന നിയന്ത്രണം ഗതാഗതം ക്രമീകരിക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കിയതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ ടി എ ), ദുബായ് പോലീസും അറിയിച്ചു. നിയന്ത്രണം പ്രാബല്യത്തിൽ വന്നതോടെ അപകടസംഖ്യ ഗണ്യമായി കുറഞ്ഞതായും വിലയിരുത്തൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2024ൽ എമിറേറ്റ്സ് റോഡിൽ 74 അപകടങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ അതേ കാലയളവിൽ 37 അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പകുതിയിലധികം കുറവ്. ഇത് നിയന്ത്രണങ്ങൾ ഗതാഗതസുരക്ഷയിൽ നേരിട്ട് സ്വാധീനം ചെലുത്തിയതിന്റെ തെളിവാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടുന്നു. ഗതാഗത തടസ്സം കുറഞ്ഞതും സാധാരണ വാഹനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാഹചര്യം മെച്ചപ്പെട്ടതുമാണ് ഇതിന് കാരണം.
തിരക്കേറിയ സമയങ്ങളിൽ ചരക്കുവാഹനങ്ങൾ എമിറേറ്റ്സ് റോഡിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്ന ഉത്തരവ് ഈ വർഷം ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്ന് ലഭിച്ച ഫലങ്ങളെ വിലയിരുത്തി കൂടുതൽ ഗതാഗത സൗകര്യ വികസനങ്ങൾ ആസൂത്രണം ചെയ്യാനാണ് ആർടിഎയുടെ തീരുമാനം.
















