യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതിയിലാണ് നിർണായക മാറ്റം.
ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ ശിക്ഷിക്കുന്നതിന് പകരം ചികിത്സ, മാനസികാരോഗ്യ പിന്തുണ, മുൻകരുതൽ, അടിയന്തര ഇടപെടൽ എന്നിവയ്ക്ക് മുൻഗണന നൽകുന്ന സമീപനമാണ് പുതിയ നിയമം മുന്നോട്ടുവയ്ക്കുന്നത്.
മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവർ നിയമനടപടി ഭയന്ന് സഹായം തേടുന്നതിൽനിന്ന് പിന്മാറാതിരിക്കാനും നേരത്തേ ചികിത്സയും പിന്തുണയും ലഭ്യമാക്കാനും പുതിയ സമീപനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ആത്മഹത്യാശ്രമ കേസുകളിൽ പ്രതിരോധ, ചികിത്സാ, മാനുഷിക സമീപനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ഇത്തരം സംഭവങ്ങളുടെ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാനും ഭേദഗതി ലക്ഷ്യമിടുന്നു.
മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷയാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം സംഭവിക്കാത്ത സാഹചര്യത്തിൽ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
പ്രേരണയോ സഹായമോ മൂലം ഗുരുതരമായ സ്ഥിരവൈകല്യം, രോഗാവസ്ഥ, അല്ലെങ്കിൽ 20 ദിവസത്തിലേറെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടായാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം. പ്രേരണയോ സഹായമോ മൂലം ആത്മഹത്യ സംഭവിച്ചാൽ അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കും














