തൃശൂർ: മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകളും ആയുധങ്ങളുമായി സഞ്ചരിച്ച മുൻ കാപ്പ കേസിലെ പ്രതി പിടിയിൽ. ചിയ്യാരം ആൽത്തറ സ്വദേശിയായ ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ (30) നെ സിറ്റി ഡാൻസാഫ് സംഘവും ഒല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
വാഹനം പിന്തുടർന്ന് തടഞ്ഞപ്പോൾ പൊലീസ് പിടിയിലാകുമെന്നുറപ്പായ പ്രതി കത്തിയെടുത്ത് ഉദ്യോഗസ്ഥർക്കുനേരെ ആക്രമിക്കാൻ ശ്രമിച്ചു. അതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. സംഭവസമയത്തെ ആക്രമണശ്രമം കാരണം സ്ഥലത്ത് ഉത്കണ്ഠയും നിലനിന്നു.
തുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ 5 എൽ.എസ്.ഡി സ്റ്റാമ്പുകൾ, എയർ ഗൺ, ആക്രമണത്തിന് ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു.തൃശൂർ ഈസ്റ്റ്, വലപ്പാട്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് സ്റ്റേഷനുകളിലായി 11 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഹുൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒല്ലൂർ എ.സി.പി സുധീരൻ, ഇൻസ്പെക്‌ടർ ഇ.എ. ഷൈജു, എസ്.ഐമാരായ ജീസ് മാത്യു, വരുൺ, ഡാൻസാഫ് എസ്.ഐ കെ.വി. വിജിത്ത്, എ.എസ്.ഐ ടി.വി. ജീവൻ, ഒല്ലൂർ എ.എസ്.ഐമാരായ സന്ദീപ്, സുരേഷ്, സി.പി.ഒമാരായ കെ.ബി. വിപിൻദാസ്, വൈശാഖ് രാജ്, എൻ.യു. നിതീഷ്, സിൻ്റോ ജോസ്, ടി.ജി. കിഷാൽ, കെ.എസ്. സംഗീത്, കെ.എച്ച്. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
















