നവംബർ 10-ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട്, ‘വൈറ്റ് കോളർ ഭീകരസംഘത്തിൽ’ ഉൾപ്പെട്ട നാല് പ്രധാന പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി.
മുസമ്മിൽ ഗനായി, അദീൽ റാഥർ, ഷഹീൻ സയീദ്, മതപ്രഭാഷകനായ മൗലവി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരെയാണ് പട്യാല ഹൗസ് കോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി വ്യാഴാഴ്ച 10 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. നിരവധി നിരപരാധികളുടെ മരണത്തിനും പരിക്കിനും കാരണമായ ഭീകരാക്രമണത്തിൽ ഇവർക്ക് പ്രധാന പങ്കുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജമ്മു കശ്മീർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തവരാണ് ഈ നാലുപേരും. കോടതിയുടെ പ്രൊഡക്ഷൻ ഉത്തരവിനെത്തുടർന്ന് ഭീകരവിരുദ്ധ അന്വേഷണ ഏജൻസി ഇവരെ ശ്രീനഗറിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ ഹിന്ദ് തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള ഒരു ‘വൈറ്റ് കോളർ ഭീകരസംഘത്തിന്റെ’ ഭാഗമാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. അറസ്റ്റിലായവരിൽ മുസമ്മിൽ, അദീൽ, ഷഹീൻ എന്നിവർ ഫരീദാബാദിലെ അൽ ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ ജീവനക്കാരായിരുന്നു.
















