തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ നേരിട്ടോ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിച്ചത്.
നാളെയാണ് സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. ഇന്നലെ മാത്രം 50,707 പത്രികകൾ ലഭിച്ചു.
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്. അതേസമയം പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ.
















