കൊണ്ടോട്ടി: സ്വകാര്യ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനിടെ, കൊണ്ടോട്ടി നഗരസഭ രണ്ടു ആഴ്ച മുമ്പ് പണികഴിപ്പിച്ച മത്സ്യ മൊത്തവിതരണ മാർക്കറ്റിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നു. മതിൽക്കെട്ടും മരങ്ങളും മാറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
10 ലക്ഷം രൂപ ചെലവിൽ നഗരസഭ നിർമിച്ച മതിൽ വെറും 14 ദിവസം മുമ്പ് മാത്രമാണ് പൂർത്തിയായത്. ഈ മാസം 6-നായിരുന്നു ചുറ്റുമതിലും കവാടവും ഉത്ഘാടനം ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മതിൽ തകർന്നത്.
വിവരമറിഞ്ഞ ഉടൻ നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചുറ്റുമതിലിന്റെ അടിത്തറയോട് ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണൊരുക്കവും, തെങ്ങുൾപ്പെടെയുള്ള മരങ്ങൾ വേരോടെ പിഴുതെടുക്കലും നടത്തിയതാണ് തകർച്ചയ്ക്ക് കാരണം എന്ന് നഗരസഭ അസിസ്റ്റന്റ് എൻജിനീയർ ശ്രീകല ടി. നായർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് നഗരസഭ അധികാരികൾ സ്വകാര്യ സ്ഥല ഉടമയെ വിളിച്ച് വിശദീകരണം തേടി. തകർന്ന മതിൽ സ്വന്തം ചെലവിൽ പുനർനിർമിക്കാൻ സമ്മതമാണെന്ന് ഉടമ അറിയിച്ചതായി നഗരസഭ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
















