വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ പാലിച്ചേരി മീത്തൽ ഷൈജയുടെ ഭർത്താവ് ബാബുരാജ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് എൽഡിഎഫിന്റെ ആരോപണം.
ബാബുരാജ് 166-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയിട്ടും ഭാര്യയ്ക്ക് വേണ്ടി വീടുകളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചുവെന്ന പരാതിയാണ് ഇടതുമുന്നണി ഉന്നയിച്ചത്. കൂടാതെ നോമിനേഷൻ സമർപ്പിച്ച സമയത്തും സ്ഥാനാർഥിയോടൊപ്പം ബാബുരാജ് സജീവമായി പങ്കെടുത്തുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും എൽഡിഎഫ് കൈവശം വച്ചിട്ടുണ്ടെന്നാണ് വിവരം.
ബിഎൽഒ പദവി ദുരുപയോഗം ചെയ്തതാണ് എന്ന നിലയ്ക്ക്, ബാബുരാജിനെ തൽക്ഷണം പദവിയിൽ നിന്നും നീക്കണമെന്നും, സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ പാർട്ട് ടൈം ജീവനക്കാരനാണ് ബാബുരാജ്.
നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ബി. സുരേഷ്ബാബു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് ജില്ലാ കലക്ടർക്കും ഔദ്യോഗികമായി പരാതി അയച്ചു.
അതേസമയം നോമിനേഷൻ സമർപ്പിക്കുന്ന സമയം ഭാര്യക്കൊപ്പം പോയത് മാത്രമാണെന്നും, വീടുകളിൽ ചെന്നു വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും ബാബുരാജ് വിശദീകരിച്ചു.
















