1995-ൽ മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവർ ചിത്രത്തിൽ തകർത്തഭിനയിച്ചു .എ ആർ റഹ്മാൻ സംഗീതം നൽകിയ ഐക്കണിക് സൗണ്ട് ട്രാക്കിന് പേരുകേട്ടതാണ് ‘ബോംബെ’. ചിത്രത്തിനുവേണ്ടി എ.ആര്‍. റഹ്‌മാന്‍ ഈണത്തില്‍ വൈരമുത്തു എഴുതി ഹരിഹരനും ചിത്രയും ചേര്‍ന്ന് ആലപിച്ച ഗാനം ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഈ പാട്ട് പിറന്ന കഥ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് എ.ആര്‍. റഹ്‌മാന്‍.
‘മണിരത്‌നത്തിന് ഒരു പ്രണയഗാനം ആയിരുന്നുവേണ്ടത്. മനസിലേക്ക് വന്ന ട്യൂണ്‍ ഒരു മിനി കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് മണിരത്‌നത്തെ കേള്‍പ്പിച്ചു. റെക്കോര്‍ഡ് ചെയ്‌തോളാന്‍ അദ്ദേഹം പറഞ്ഞു. പാടാന്‍ എസ്പിബി അല്ലെങ്കില്‍ യേശുദാസിനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാന്‍ ഹരിഹരന്റെ പേരും വെച്ചു, അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മൂന്നുപേരുകള്‍ വെച്ച് പ്രാര്‍ഥിച്ച് അതില്‍നിന്ന് ഒരുപേരെടുത്തപ്പോള്‍, അതില്‍ ഹരിഹരന്റെ പേരായിരുന്നു ഉള്ളത്’, റഹ്‌മാന്‍ പറഞ്ഞു.
‘ആ പാട്ടിന് അസ്വാഭാവികമായ ഗായകനാണ് ഹരിഹരന്‍. കാരണം അദ്ദേഹം ഒരു ഗസല്‍ ഗായകനാണ്. ഇപ്പോള്‍പ്പോലും അദ്ദേഹം സംഗീതപരിപാടികളില്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഇംപ്രൊവൈസ് ചെയ്യുന്നു(ഹരിഹരനെ അനുകരിച്ച് കാണിക്കുന്നു). അദ്ദേഹം ഒരിക്കലും ഒരു നോട്ടില്‍ നിര്‍ത്തില്ല. അത് അദ്ദേഹത്തിന്റെ രീതിയാണ്’, റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
















